ഹസ്സന്റെ മരണം കോവിഡ് ബാധിച്ചെന്ന് സ്ഥിരീകരണം, മൃതദേഹം ഇന്ന് സംസ്‌ക്കരിച്ചു

ഖബറടക്കല്‍ ചടങ്ങിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി

ജിദ്ദ: ഏപ്രീല്‍ 27 തിങ്കളാഴ്ച ജിദ്ദയില്‍ മരിച്ച മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി മുഹമ്മദ് കുട്ടി മകന്‍ ഹസ്സന്‍ പാറേങ്ങലിന്റെ(56) മരണം കോവിഡ് മുലമാണെന്ന് സ്ഥിരീകരിക്കുകയും മൃതദേഹം ഇന്ന് ജിദ്ദയില്‍ ഖബറടക്കുകയും ചെയ്തു.

അസുഖബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ ആദ്യം ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെനിന്നും വിദഗ്ധ ചികിത്‌സക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ വിശദമായ പരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് മരണ കാരണം കോവിഡാണെന്ന് സ്ഥിരീകരിച്ചത്.

മൃതദേഹം ഇന്ന് ദഅബാന്‍ മഖ്ബറയില്‍ ഖബടക്കി. ഖബറടക്കല്‍ ചടങ്ങില്‍ സൗദി കെഎംസിസി സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗം മജീദ് പുകയൂര്‍, പി.കെ അലി അക്ബര്‍, വി.പി മുസ്ഥഫ, ബാവ അരിമ്പ്ര, ലത്തീഫ് പടിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്രവ പരിശോധനയിലാണ് കോവിഡ് ബാധയെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്‌. കോവിഡ് മൂലം സൗദിയില്‍ ഇതുവരെ മരണപ്പെട്ട മലയാളികളുടെ എണ്ണം ആറായിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി ഷബ്‌നാസ്(മദീന), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍(റിയാദ്), വിജയകുമാരന്‍ നായര്‍(റിയാദ്), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ 51 (ഉനൈസ), മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്‌ലിിയാര്‍ (മക്ക), എന്നിവരാണ് ഇതിനകം സൗദിയില്‍ കോവിഡ് മൂലം മരിച്ച മലയാളികള്‍.