സൗദിയോട് ശത്രുതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി അരുത്: സൗദി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അധ്യക്ഷന്‍

ഓരോ വര്‍ഷവും വാണിജ്യ വ്യവസായ മേഖലകള്‍ രാജ്യത്തിന് പുറത്തുനിന്നും ഇറക്കുമതി ചെയ്യുന്നത് നൂറുകണക്കിന് ബില്യണുകളുടെ വസ്തുക്കളാണ്. ഇത്തരം വലിയ വിപണനങ്ങള്‍ നടത്തുമ്പോള്‍ സൗദിയോട് ചേര്‍ന്നുനില്‍ക്കുന്ന സുഹൃദ് രാജ്യങ്ങളെ പരിഗണിക്കുന്നതില്‍ മുന്‍ഗണന നൽകണമെന്ന് അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ പറഞ്ഞു.
അബൂ സക്കിയ
റിയാദ്: സൗദി അറേബ്യയോട് ശത്രുതാപരമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് സൗദി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അധ്യക്ഷനും റിയാദ് ചേമ്പര്‍ മേധാവിയുമായ അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടു.
ഓരോ വര്‍ഷവും വാണിജ്യ വ്യവസായ മേഖലകള്‍ രാജ്യത്തിന് പുറത്തുനിന്നും ഇറക്കുമതി ചെയ്യുന്നത് നൂറുകണക്കിന് ബില്യണുകളുടെ വസ്തുക്കളാണ്. ഇത്തരം വലിയ വിപണനങ്ങള്‍ നടത്തുമ്പോള്‍ സൗദിയോട് ചേര്‍ന്നുനില്‍ക്കുന്ന സുഹൃദ് രാജ്യങ്ങളെ പരിഗണിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തെ ശത്രുസ്ഥാനത്ത് അവരോധിച്ച രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തണമെന്നും അവരുടെ ഗവണ്‍മെന്റുകള്‍ നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും ഭരണാധികാരികളെ ചതിയില്‍ പെടുത്തുവാനും ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറക്കുമതി ചെയ്യുന്നതിന് ബദലുകള്‍ വിശാലവും ലഭ്യവുമാണെന്നും, രാജ്യത്ത് സംരംഭം നടത്തുന്ന ഓരോ വ്യവസായിയും ഈ വിഷയത്തില്‍ ദേശീയ നിലപാടിനോടൊപ്പം നില്‍ക്കുമെന്ന് താന്‍ കരുതുന്നതായും അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.






