വ്യാജ സിം കാര്‍ഡ് ഇടപാട്: 6 വിദേശികള്‍ അറസ്റ്റില്‍

അബൂ സക്കിയ

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദ് സിറ്റിയില്‍ നിന്നും വ്യാജ മൊബൈല്‍ സിം കാര്‍ഡ് ഇടപാടുകള്‍ നടത്തിയിരുന്ന ആറു ബംഗ്‌ളാദേശുകാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.

സ്വദേശികളുടെയും വിദേശികളുടെയും പേരുകളില്‍ വ്യാജമായി പ്രോഗ്രാം ചെയ്തു സിംകാര്‍ഡുകളും ഇഖാമയുടെ കാര്‍ഡുകളും ഉണ്ടാക്കി വില്പന നടത്തുകയായിരുന്നു സംഘം. അതിനായി നിരവധി വിദേശികളുടെയും സ്വദേശികളുടെയും ഐഡി കാര്‍ഡും വിരലടയാളങ്ങളും പ്രതികള്‍ ശേഖരിച്ചിരുന്നു.

റിയാദ് സിറ്റിയുടെ മധ്യഭാഗത്തുള്ള വസാറാത്ത് ഏരിയയില്‍ ഒരു ഫ്‌ളാറ്റ് വാടകക്കെടുത്തായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. റിയാദ് പൊലീസിന് രഹസ്യ വിവരം കിട്ടിയതനുസരിച്ചു പൊലീസുകാര്‍ പതിയിരുന്നു ഇവരുടെ ഫ്‌ളാറ്റ് റൈഡ് ചെയ്തതോടെയാണ് പ്രതികള്‍ വലയിലായത്. പ്രതികളുടെ ഫ്‌ളാറ്റുകളില്‍ നിന്നും 577 സിം കാര്‍ഡുകള്‍, രണ്ടു ലാപ്‌ടോപ്പുകള്‍, മൂന്ന് പ്രിന്ററുകള്‍, 4 ഫിംഗര്‍ പ്രിന്റ് റീഡര്‍ മെഷീന്‍, ഇഖാമയുടെ കാര്‍ഡുകളുടെ വലിപ്പത്തിലുള്ള 160 ബ്ലാങ്ക് കാര്‍ഡുകള്‍, കാര്‍ഡില്‍ പ്രിന്റ് ചെയ്യാവുന്ന വലിയ പ്രിന്റര്‍, കൂടാതെ ഇവരുടെ ലാപ്‌ടോപ്പുകളില്‍ നിന്നും നിരവധി ഐഡി പ്രൂഫുകളുടെയും വിരാടലയാളങ്ങളുടെയും ക്ലിപ്പുകളും കണ്ടെടുത്തു.

ആറു പ്രതികളെയും അറസ്റ്റു ചെയ്യുകയും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു.