മക്ക ഒഴികെയുള്ള സ്ഥലങ്ങളിൽ ഇന്നു മുതല്‍ കര്‍ഫ്യൂവില്‍ ഭാഗീക ഇളവ്

വിവാഹ പാര്‍ട്ടികള്‍, അനുശോചനം തുടങ്ങിയ പരിപാടികളില്‍ 5 ലധികം ആളുകള്‍ കൂടാന്‍ പാടില്ലെന്ന കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ടും ആള്‍കൂട്ടം ഒഴിവാക്കികൊണ്ടുമായിരിക്കണം ഇത്തരം പരിപാടികള്‍ നടത്തേണ്ടത്. നിയമംഘകരായ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കി അടച്ചുപൂട്ടലടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

അസ്മ ജംഷീദ്

റിയാദ്: റമളാനിന്റെ ഭാഗമായി സൗദിയുടെ വിവിധ പട്ടണങ്ങളില്‍ കര്‍ഫ്യൂവില്‍ ഭാഗിക ഇളവ് പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. എന്നാല്‍ നിലവില്‍ 24 മണിക്കൂര്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ച മക്കയില്‍ മാത്രം കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിട്ടില്ല. മക്ക ഒഴിച്ചുള്ള മറ്റെല്ലാ നഗരങ്ങളിലും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിട്ടുള്ളത്. ഇന്ന് മുതല്‍(ഞായര്‍) മെയ് 13 (റംസാന്‍ 20) വരെയാണ് കർഫ്യൂവിൽ ഭാഗീകമായ ഇളവു നല്‍കിയിട്ടുള്ളത്.

അതേസമയം വാണിജ്യ മേഖലയില്‍ പ്രവൃത്തിക്കുന്ന ചില്ലറ മൊത്ത കടകള്‍, മാളുകള്‍ എന്നിവക്ക് ഏപ്രില്‍ 29 ബുധനാഴ്ച മുതല്‍ മെയ് 13 ബുധനാഴ്ച വരെ തുറന്നു പ്രവൃത്തിക്കാവുന്നതാണ്. മാളുകള്‍ക്കുള്ളിലെ ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സിനിമ ഹാളുകടക്കമുള്ള വിനോദ കേന്ദ്രങ്ങള്‍, റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവ തുറന്ന് പ്രവൃത്തിക്കുവാന്‍ അനുമതിയില്ല. നിര്‍മാണ, വാണിജ്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഏപ്രീല്‍ 29 മുതല്‍ മെയ് 13 വരെയുള്ള ദിവസങ്ങൾതന്നെ നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.

വിവാഹ പാര്‍ട്ടികള്‍, അനുശോചനം തുടങ്ങിയ പരിപാടികളില്‍ 5 ലധികം ആളുകള്‍ കൂടാന്‍ പാടില്ലെന്ന കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ടും ആള്‍കൂട്ടം ഒഴിവാക്കികൊണ്ടുമായിരിക്കണം ഇത്തരം പരിപാടികള്‍ നടത്തേണ്ടത്. നിയമംഘകരായ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കി അടച്ചുപൂട്ടലടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇത്രയൊക്കെ ആണെങ്കിലും വ്യക്തിപരമായുള്ള ഉത്തരവാദിത്തം ഓരോരുത്തരും പാലിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.