സൗദിയില്‍നിന്നും വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങുവാനുള്ള സംവിധാനമൊരുക്കി മന്ത്രാലയം

രാജ്യത്തെ നാലു വിമാനത്താവളങ്ങളിലൂടെ മാത്രമേ വിദേശികള്‍ക്ക് ‘ഔദ’സംവിധാനം വഴി പോകുവാന്‍ സാധിക്കുകയുള്ളൂ. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ്, റിയാദ് കിംഗ് ഖാലിദ് , ദമ്മാം കിംഗ് ഫഹദ് , മദീനയിലെ പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണത്.

റിയാദ്: വിദേശികള്‍ക്ക് അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകുവാനുള്ള ‘ഔദ’ (മടക്കം) സംവിധാനം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബഷിര്‍’ പോര്‍ട്ടലില്‍ സജജമായി.

കൊറോണ വൈറസ് പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ നാടുകളിലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാതെ നിരവധി വിദേശികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ പ്രതിസന്ധി മനസ്സിലാക്കിയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വിദേശികള്‍ക്ക് നാടുകളിലേക്ക് മടങ്ങിപ്പിക്കുവാനുള്ള സംവിധാനം ‘അബഷിര്‍” പോര്‍ട്ടലിലൂടെ സഞ്ചമാക്കിയത്. റീ എന്‍ട്രി വിസയിലോ ഫൈനല്‍ എക്‌സിറ്റ് വിസയിലോ നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ‘ഔദ” ലിങ്കിലൂടെ റജിസ്റ്റര്‍ ചെയ്യാം. പോകുന്നവരുടെ ഇഖാമ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍, പോകുന്ന വിമാനത്താവളം, ഇറങ്ങേണ്ട വിമാനത്താവളം എന്നീ വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

രാജ്യത്തെ നാലു വിമാനത്താവളങ്ങളിലൂടെ മാത്രമേ വിദേശികള്‍ക്ക് ഈ സംവിധാനം വഴി പോകുവാന്‍ സാധിക്കുകയുള്ളൂ. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണത്.

ഇങ്ങിനെ റജിസ്റ്റര്‍ ചെയ്താല്‍ നാടുകളിലേക്ക് മടങ്ങിപ്പോകുവാന്‍ അര്‍ഹതയുള്ളവര്‍ക്ക് അവരുടെ മൊബൈലിലൂടെ പോവേണ്ട വിവരങ്ങള്‍ മെസ്സേജ് ആയി ലഭിക്കും അതിലൂടെ പോവുന്ന തിയതി, വിമാന ടിക്കറ്റ് എന്നിവ ലഭിക്കും. എന്നാല്‍ ഈ ടിക്കറ്റു സൗജന്യമല്ല അതിന്റെ ഫീസ് പോകുന്നവര്‍ അടക്കേണ്ടതുണ്ട്.