ജിദ്ദയിലെ പച്ചക്കറി മാര്‍ക്കറ്റുകളില്‍ ചില്ലറ വില്‍പ്പന അനുവദിക്കില്ല: ജിദ്ദ മുനിസിപ്പാലിറ്റി

ജിദ്ദ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ നടപടിയുടെ ഭാഗമായി ജിദ്ദയിലെ വെജിറ്റബിള്‍ സെന്റര്‍ മാര്‍ക്കറ്റുകളില്‍ ചില്ലറ വില്‍പ്പന അനുവദിക്കില്ലെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

മാര്‍ക്കറ്റുകളിലേക്ക് വരുന്ന ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷാ കണക്കിലെടുത്തും മാര്‍ക്കറ്റുകളില്‍ ജനത്തിരക്ക് കുറക്കുന്നതിനുമായി സെന്റര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ചില്ലറ വില്‍പന അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ ഇബ്രാഹീം സഹ്‌റാനി വ്യക്തമാക്കി. ഇനി മുതല്‍ മൊത്ത വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും മാത്രമേ സെന്റര്‍ മാര്‍ക്കറ്റുകളിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും മുഹമ്മദ് ബിന്‍ ഇബ്രാഹീം സഹ്‌റാനി അറിയിച്ചു.

ജിദ്ദ നിവാസികള്‍ക്ക് തൊട്ടടുത്തുള്ള ബഖാലകളിലോ ചെറിയ പച്ചക്കറി കടകളിലൊ പോയി ആവശ്യമുള്ളത് വാങ്ങാമെന്നും മുഹമ്മദ് ബിന്‍ ഇബ്രാഹീം സഹ്‌റാനി കൂട്ടിച്ചേര്‍ത്തു.