‘മക്ക റൂട്ട്’ പദ്ധതിയിലൂടെ ഹജജിനു വരുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ഫോമിന് മന്ത്രിസഭ അംഗീകാരം നല്‍കി

റിയാദ്: ‘മക്ക റൂട്ട്’ പദ്ധതിയുടെ ഗുണഭോക്താക്കളായ രാജ്യങ്ങളില്‍ നിന്നും ഹജജിനും ഉംറക്കും വരുന്ന തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ഫോമിന് ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ‘മക്ക റൂട്ട്” പദ്ധതിയുടെ പ്രായോജകരായ രാജ്യങ്ങളിലെ ഉത്തരവാദപ്പെട്ട വിഭാഗവുമായി ആശയവിനിമയം നടത്തുവാന്‍ സൗദി ആഭ്യന്തര മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് ‘മക്ക റൂട്ട്” പദ്ധതി നടപ്പാക്കി തുടങ്ങിയത്. നിലവില്‍ ഈ പദ്ധതിയുടെ പ്രായോജകര്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്. മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, തുണീഷ്യ എന്നീ അഞ്ച് രാജ്യങ്ങളിലാണ് മക്ക റൂട്ട് പദ്ധതി പ്രാഥമികമായി നടപ്പാക്കിയത്.
ഹാജിമാര്‍ പുറപ്പെടുന്ന രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നുതന്നെ സൗദിയിലേക്ക് കടക്കുവാനുള്ള എല്ലാ യാത്ര നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് പദ്ധതി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഈ പദ്ധതി മുന്നോട്ട് വെച്ചത്. സൗദിയില്‍ വിമാനമിറങ്ങിയാല്‍ വളരെ വേഗത്തില്‍ പുറത്തേക്കിറങ്ങുവാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയിലൂടെ അഞ്ചുരാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷത്തോളം തീര്‍ത്ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയുണ്ടായി.






