പുണ്യമാസമായ റമളാനില്‍ ഇരുഹറമുകളിലും തറാവീഹ് നമസ്‌കാരം നടക്കും

അസ്മ ജംഷീദ്

മക്ക: സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അടച്ച ഇരുഹറമുകളിലും റമദാനില്‍ തറാവീഹ് നമസ്‌കാരം നടക്കും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമുണ്ടാകില്ല. ഹറം ജീവനക്കാരെയും ഉദ്യേഗസ്ഥരെയും ഉള്‍പ്പെടുത്തി റമദാനിലെ രാത്രി കാല നമസ്‌കാരമായ തറാവീഹ് തുടരും. റകഅത്തുകളുടെ എണ്ണം പകുതിയാക്കി കുറച്ച് പത്ത് റകഅത്ത് മാത്രമായിരിക്കും ഉണ്ടാവുക. നമസ്‌കാരം വേഗം തീര്‍ക്കുന്നതിനു വേണ്ടിയാണ് റകഅത്തുകളുടെ എണ്ണം കുറക്കുന്നത്.

ഹറമില്‍ സമ്പൂര്‍ണ അണുനശീകരണ പ്രവൃത്തികള്‍ ഓരോ ദിനവും തുടരുകയാണ്. ജീവനക്കാരെ ഓരോ ദിവസവും ശരീര താപനില നോക്കിയതിന് ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. റമദാനില്‍ നടക്കാറുള്ള പൊതു നോമ്പുതുറയും ഇരു ഹറമുകളിലും ഇത്തവണ ഉണ്ടാവില്ല. പകരം ഭക്ഷ്യ വിഭവങ്ങള്‍ മക്കയിലേയും മദീനയിലേയും വീടുകളില്‍ എത്തിക്കുകയാണ് ചെയ്യുക. നൂറുകണക്കിന് കമ്പനികള്‍ ഹറമുകള്‍കായി സംഭാവനയും സ്‌പോണ്‍സുറും ചെയ്യുന്നുണ്ട്.

ഇരു ഹറം കാര്യാലയ മേഡാവി ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസാണ് തറാവീഹ് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. കൊവിഡ് 19 പ്രധിരോധ നടപടികളുടെ ഭാഗമായി പ്രവേശനം റദ്ദാക്കിയ ശേഷവും ഇരു ഹറമുകളിലും ജീവനക്കാരേയും ഉദ്യേഗസ്ഥരേയും മാത്രം വെച്ച് ജുമുഅ നമസ്‌കാരവും തുടരുന്നുണ്ട്.