വിദേശികള്‍ക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാന സര്‍വീസ് തുടങ്ങി

അസ്മ ജംഷീദ്

ജിദ്ദ: സൗദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്‌സിറ്റ് നേടിയും കോവിഡ് വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി സൗദി അറേബ്യ പ്രഖ്യാപിച്ച പ്രത്യേക യാത്രാ സൗകര്യവുമായി സൗദി എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസ് തുടങ്ങി.

മക്കയില്‍ നിന്നുള്ള ഫിലിപ്പീന്‍സ് പൗരന്മാരുമായി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഫിലിപ്പൈന്‍സിലെ മനിലയിലേക്കാണ് ആദ്യ വിമാനം പറന്നത്. ഒരു വശത്തേക്ക് മാത്രമാണ് സര്‍വീസ്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പദ്ധതി പ്രകാരമാണ് ഈ വിമാനസേസവനം.  അതേസമയം ഇന്ത്യക്കാരെ സൗദിയില്‍നിന്നും നാട്ടിലtu് കൊണ്ടു പോകണമെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക അനുമതിക്കായി ഇനിയും കാത്തിരിക്കേണടതുണ്ട്.

ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് ആദ്യവാരത്തില്‍ ഈ രീതിയില്‍ വിമാന സര്‍വീസുണ്ടാകുമെന്ന് ചില കമ്പനികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും വിമാനമിറങ്ങാന്‍ ഇന്ത്യകൂടി അനുവദിച്ചാല്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ.. ഓരോ തൊഴിലാളിയുടേയും കമ്പനിയാണ് ഇതിനുള്ള അപേക്ഷ മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടത്.  ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവരെയും നല്‍കാന്‍ ഉദ്ദേശിക്കുന്നവരെരയും കമ്പനികള്‍ക്ക് ഇതുവഴി നാട്ടിലേക്കയക്കാം. റീ എന്‍ട്രിയിലുള്ളവരും സ്വന്തം കമ്പനികളില്‍ അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം.

ഓരോ പതിനാല് ദിവസം കൂടുമ്പോഴും കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം. ഒരു അപേക്ഷയില്‍ തന്നെ എത്ര പേരുടെ പട്ടിക വേണമെങ്കിലും സമര്‍പ്പിക്കാം. ഫൈനല്‍ എക്‌സിറ്റ് കരസ്ഥമാക്കിയതിന്റെ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിന്റെ രേഖ, കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തിയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുളളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കണമെന്നാണ് നിയമം. അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും.

ഇഖാമ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതര്‍, സന്ദര്‍ശന വിസാ കാലാവധി അവസാനിച്ചവര്‍ തുടങ്ങിയ ഇതര കേസുകളില്‍പെട്ടവര്‍ക്കടക്കം നാടണയണമെങ്കില്‍ ജന്മനാട്ടില്‍ നിന്നും വിമാന സര്‍വീസ് തുടങ്ങേണ്ടതുണ്ട്. ഇന്ത്യ ഇതുവരെ ഇത്തരമൊരു വിമാന സേവനത്തിന് ഈ സന്ദര്‍ഭത്തില്‍ അനുമതി നല്‍കാത്തത് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സൗദിയിലുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരിക്കയാണ്. നിരവധി ഇന്ത്യക്കാര്‍ സ്വരാജ്യത്തേക്കുവരുവാനായി വിമാന സേവനവും കാത്തിരിക്കയാണ്.