കര്‍ഫ്യൂ ലംഘിച്ച 34 പേര്‍ അറസ്റ്റില്‍

റിയാദ്: കോവിഡ് 19 വ്യാപനത്തിനെതിരെ സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു നിയമം ലംഘിച്ച 34 പേരെ സൗദി സുരക്ഷാ വിഭാഗം പിടികൂടി. ആരോഗ്യ മുന്‍കരുതലുകളും ജാഗ്രതയും പാലിക്കാതെ കര്‍ഫ്യു ലംഘിച്ച് പിടിയിലായവരില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടും.

റിയാദില്‍ താമസ കേന്ത്രങ്ങളിലുടെ അലക്ഷ്യമായി വാഹനമോടിച്ചു പോയ രണ്ടു സ്വദേശി പൗരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടങ്ങളില്‍ വസിക്കുന്നവരെ ഭയപ്പെടുത്തുംവിധം ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി വെടിയുതിര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുമായിരുന്നു ഇവര്‍ വാഹനം ഓടിച്ചിരുന്നത്. ഇതിന്റെ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വേറൊരു സൗദി പൗരരന്‍ നാട്ടുകാരെ അപമാനിക്കുംവിധം വാക്കുകള്‍ ഉപയോഗിച്ച് ചീത്തവിളിക്കുകയും, കര്‍ഫ്യു ലംഘിച്ചു പുറത്തിറങ്ങുകയും ചെയ്തു. ഇതേകേസില്‍ ഒരു വിദേശിയെയും പിടികൂടി.

കര്‍ഫ്യു സമയത്ത് വാഹനമോടിച്ചു വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ട ഒരു സ്വദേശി യുവതി അസീറില്‍ പൊലീസ് പിടിയിലായി. കര്‍ഫ്യു സമയത്ത് ജനങ്ങള്‍ക്ക് ഗതാഗത സൗകര്യം നല്‍കിയ നിരവധി ഹോം ഡെലിവറി വാഹനങ്ങളുടെ ഡ്രൈവര്‍മാരും അല്‍ ഖസീമില്‍ നിന്നും പിടിയിലായിട്ടുണ്ട്.

ജിസാനില്‍ ബാര്‍ബറെ വീട്ടിലേക്ക്‌വരുത്തി ജോലിചെയ്യിപ്പിച്ച ബംഗ്‌ളാദേശ് സ്വദേശികളം വീടുകളില്‍ രഹസ്യമായി ബാര്‍ബര്‍ ഷാപ്പ് നടത്തിയിരുന്ന പാക്കിസ്ഥാനികളും അറസ്റ്റിലായിട്ടുണ്ട്. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയ രണ്ടു യമന്‍ സ്വദേശികളെയും, ഹഫറുല്‍ ബാത്തിനില്‍ കര്‍ഫ്യു നിയമം ലംഘിക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത സ്വദേശിയും അറസ്റ്റിലായി.

പിടികൂടിയ കര്‍ഫ്യു നിയമ ലംഘകരെ നിയമപരമായ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറിയിരിക്കയാണ്.