സ്‌റ്റേജില്‍ കയറി കലാകാരന്മാരെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദ് സിറ്റിയിലെ മലാസില്‍ സ്‌റ്റേജ് ഷോ നടത്തുന്നതിനിടയില്‍ സ്‌റ്റേജിലേക്ക് അതിക്രമിച്ചു കയറി അവതാരകരെയും കലാകാരന്മാരെയും ആക്രമിച്ച കേസിലെ മുഖ്യ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയാതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഖ്യ പ്രതിയായ യമന്‍ സ്വദേശി ഇമാദ് അബ്ദുല്‍ ഖവി അല്‍ മന്‍സൂരിയുടെ വധശിക്ഷയാണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ റിയാദില്‍ വെച്ച് നടപ്പാക്കിയത്.

സൗദി എന്റെര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ കീഴിലുള്ള റിയാദ് സീസണ്‍ ഫെസ്റ്റിവെലിനോടനുബന്ധിച്ചു റിയാദ് സിറ്റിയിലുള്ള മലാസിലെ കിംഗ് അബ്ദുല്ല ഗാര്‍ഡനില്‍ വെച്ചായിരുന്നു സ്‌റ്റേജ് ഷോ നടത്തപ്പെട്ടത്. സ്‌റ്റേജ് ഷോ നടന്നുകൊണ്ടിരിക്കെ മുഖ്യ പ്രതി സ്‌റ്റേജിലേക്ക് കയറി കത്തിയെടുത്തു മുന്നില്‍ കണ്ടവരെല്ലാം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ കലാകാരന്മാര്‍ക്ക് പുറമെ ഒരു സെക്യൂരിറ്റി ജീവനക്കാരനും പരിക്കേല്‍ക്കുകയുണ്ടായി. 2019 നവമ്പര്‍ 12 നാണ്  സംഭവം നടന്നത്.

മുഖ്യപ്രതിക്ക് ഭീകരവാദ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നതായും രണ്ടാം പ്രതി നിയമവിരുദ്ധമായി യമനില്‍ നിന്നും സൗദിയിലേക്ക് നുഴഞ്ഞു കയറിവന്നയാളാണെന്നും തെളിഞ്ഞിട്ടുണ്ടായിരുന്നു. ഒന്നും രണ്ടും പ്രതികള്‍ യമന്‍ പൗരന്മാരാണെന്നും കോടതി വ്യക്തമാക്കി.

സ്‌റ്റേജിലെ കലാകാരന്മാരെ ആക്രമിക്കുക, സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുക, ഷോ കാണാനെത്തിയ ജനങ്ങളെ ഭയപ്പെടുത്തുക, കത്തികാണിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നിവക്ക് പുറമെ ഭീകര സംഘടനയായ യമനിലെ അല്‍ഖാഇദക്ക് വേണ്ടി യുദ്ധത്തില്‍ പങ്കെടുക്കുക, നിരപരാധികളെ അക്രമിക്കുന്നതിന് വേണ്ടി ആയുധം കൊണ്ട് നടക്കുക, ഭീകര പ്രസ്ഥാനത്തിനായി ധനശേഖരണം നടത്തുക, മറ്റുള്ളവരെ ഭീകരപ്രസ്ഥാനത്തിലേക്ക് ചേര്‍ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഒന്നാം പ്രതിക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയിരുന്നു.

ഒന്നാം പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ വിചാരണ വേളയില്‍ മറച്ചു വെക്കുക, രാജ്യത്തേക്ക് നിയമ വിരുദ്ധമായി നുഴഞ്ഞുകയറുക, ഒന്നാം പ്രതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് രണ്ടാം പ്രതിയുടെ മേല്‍ കോടതി കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍. വിചാരണവേളയില്‍ രണ്ടു പ്രതികള്‍ക്കും അവരുടെ ഭാഗങ്ങള്‍ കോടതിയില്‍ ബോധ്യപ്പെടുത്തുവാന്‍ അഭിഭാഷക സഹായം നല്‍കിയിരുന്നു.

നേരത്തെ, കേസിലെ മുഖ്യ പ്രതിക്ക് വധശിക്ഷ നല്‍കുവാനും രണ്ടാം പ്രതിക്ക് 12 വര്‍ഷവും ആറു മാസവും ജയില്‍ ശിക്ഷയും റിയാദ് ക്രിമിനല്‍ കോടതി വിധിച്ചിരുന്നു.

രാജ്യ സുരക്ഷയെ തൊട്ട് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുവാനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാനും ആരെയും അനുവദിക്കില്ലെന്നും അവര്‍ക്ക് ഒരു പാഠമാകുവാന്‍ വേണ്ടിയാണ് ഇത് പരസ്യപ്പെടുത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.