വിദേശ തൊഴിലാളികളെ താമസിപ്പിക്കുവാന്‍ 3445 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുക്കുവാന്‍ നിര്‍ദ്ദേശം

റിയാദ്: കൊറോണ വ്യാപനത്തിനെതിരെ സൗദി ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും പരിശ്രമങ്ങളും ഗുണപരമായി ഉപയോഗിക്കണമെന്ന ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ലേബര്‍ ക്യാമ്പുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന വിദേശ തൊഴിലാളികളെ താമസിപ്പിക്കുവാന്‍ രാജ്യത്തെ 3445 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഗര ഗ്രാമ കാര്യ മന്ത്രാലയത്തിന് വിട്ടുകൊടുക്കുവാന്‍ വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ഷെയ്ഖ് നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ 13 പ്രവിശ്യകളിലെ 47 വിദ്യാഭ്യസ ഭരണ ഓഫീസുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3313 വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതിക, തൊഴില്‍ ട്രൈനിംഗ് സെന്ററുകളുടെ കീഴിലുള്ള 132 സ്ഥാപനങ്ങളുമാണ് തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായി താമസിക്കുവാന്‍ വിട്ടുകൊടുക്കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുവാനുള്ള രാജ്യത്തിന്റെ തീവ്രശ്രമങ്ങളെ തങ്ങളുടെ ഭാഗത്തുനിന്നും എല്ലാ അര്‍ത്ഥത്തിലും പിന്തുണക്കുമെന്നും മനുഷ്യജീവനും, രാജ്യത്തിനും പ്രയോജനപ്പെടുന്ന എല്ലാത്തിനും പിന്തുണയും സഹായവും നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സൗദി നഗര ഗ്രാമ കാര്യ മന്ത്രാലയം രണ്ടര ലക്ഷം വിദേശ തൊഴിലാളികളെ താമസിപ്പിക്കുവാന്‍ ശേഷിയുള്ള ആയിരത്തോളം അപ്പാര്‍ട്ട്‌മെന്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും, അതില്‍ 60,000 റൂമുകള്‍ ഉണ്ടെന്നും നഗരകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അഹമ്മദ് ഖത്താന്‍ വെളിപ്പെടുത്തി.

ഈ കെട്ടിടങ്ങളിലേക്ക് തൊഴിലാളികളെ യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ മാറ്റുമെന്നും തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഇടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൊഴിലാളികള്‍ താമസിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 940 നമ്പറില്‍ വിളിക്കണമെന്ന് അദ്ദേഹം എല്ലാ സ്വദേശികളോടും വിദേശികളോടും അഭ്യര്‍ത്ഥിച്ചു.