കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതല്‍ ബ്രിട്ടനില്‍ കുടുങ്ങിയ സൗദി പൗരന്മാര്‍ തിരിച്ചെത്തി

അസ്മ ജംഷിദ്
റിയാദ്: കോവിഡ് -19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള പൗരന്‍മാരെ തിരിച്ചെത്തിക്കുന്ന നടപടികള്‍ സൗദിഅറേബ്യ ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതല്‍ ബ്രിട്ടനില്‍ കുടുങ്ങിയവരില്‍ 254 സൗദി പൗരന്മാര്‍ ഇന്നലെ(തിങ്കളാഴ്ച) ലണ്ടനില്‍ നിന്നുള്ള പ്രത്യേക സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് വേണ്ടിയുള്ള യാത്രകളുടെ ഭാഗമായാണ് ഈ വിമാന സര്‍വ്വീസ് നടത്തുന്നത്. പൗരന്മാര്‍ പുറപ്പെടുന്ന രാജ്യത്തിന്റെ വിമാനത്താവളത്തില്‍ നിന്ന്, കൊറോണ വൈറസിനെതിരായ എല്ലാ ആരോഗ്യ, പ്രതിരോധ നടപടികളം ആരംഭിച്ച് സൗദി അറേബ്യയിലെത്തുന്നതുവരെ 12 ഘട്ടങ്ങളായി നടപ്പിലാക്കിയാണ് യാത്രക്കാരെ എത്തിച്ചത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച ആരോഗ്യ നടപടിക്രമങ്ങള്‍ പ്രയോഗിക്കുന്നത് പൂര്‍ണമായും ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ്.
ടൂറിസം മന്ത്രാലയം തയ്യാറാക്കിയ ഗസ്റ്റ് ഹൗസുകളില്‍ എല്ലാ യാത്രക്കാരെയും 14 ദിവസത്തേക്ക് ക്വാറന്റെനില്‍ താമസിപ്പിക്കും. പൗരന്മാര്‍ അവരുടെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചു. സൗദി അറേബ്യയില്‍ എത്തുന്നതുവരെ വിദേശത്ത് താമസിക്കുന്നതിനിടെ തങ്ങള്‍ക് ലഭിച്ച ആരോഗ്യ പരിചരണത്തിനു നേതൃത്വ നടപടികള്‍ക്കും മുന്‍കൈയെടുത്തവര്‍ക്കെല്ലാം യാത്രക്കാര്‍ കൃതജഞത അറിയിച്ചു.






