സൗദിയില്‍ കര്‍ഫ്യൂ കടുപ്പിച്ചു

അസ്മ ജംഷീദ്

റിയാദ്: സൗദിയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാഹന യാത്ര നിയന്ത്രണവിധേയമാക്കി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. കര്‍ഫ്യൂ കടുപ്പിച്ചതിന്റെ ഭാഗമായി പാസില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാലാണ് പിഴ. കറങ്ങാനിറങ്ങിയ കാല്‍നടയാത്രക്കാര്‍ക്കും പിഴ ഈടാക്കി. പ്രവാസികളടക്കം പുറത്തിറങ്ങിയ നിരവധി പേരുടെ ഇഖാമയുടെ ഫോട്ടോ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എടുത്തിട്ടുണ്ട്.

ഇന്ന് മുതല്‍ റിയാദില്‍ ഏകീകൃത പാസ് സംവിധാനം പ്രാബല്യത്തിലാകും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ക്കും ഈ സമയത്ത് പുറത്തിറങ്ങാന്‍ നല്‍കുന്ന പാസില്‍ വകുപ്പ് മേധാവിയും ആഭ്യന്തര മന്ത്രാലയ സമിതിയും ഒപ്പു വെക്കണം. നാളെ മൂന്ന് മണി മുതല്‍ ഇത് പ്രാബല്യത്തിലാകും. ജീവനക്കാരെ കൊണ്ടു പോകുന്ന വലിയ വാനുകളിലേയും ബസുകളിലേയും ഡ്രൈവര്‍മാര്‍ക്ക് മാത്രം പാസ് മതി. അതിലുള്ള യാത്രക്കാര്‍ക്ക് പാസ് വേണ്ടതില്ല. എന്നാല്‍ ഒറ്റക്ക് സഞ്ചരിക്കുകയാണെങ്കില്‍  നിര്‍ബന്ധമായും പാസ് വേണം. മന്ത്രാലയം നേരത്തെ നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് വാഹനത്തില്‍ പകുതി പേരെ മാത്രമെ (50 ശതമാനം) കയറ്റാന്‍ പാടുള്ളൂ. പതിനായിരം റിയാലാണ് ആദ്യ ഘട്ടത്തില്‍ പിഴ ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ ഇരുപതിനായിരം റിയാലാണ് പിഴ. മൂന്നാം ഘട്ടത്തില്‍ പിഴയോടൊപ്പം ജയില്‍ ശിക്ഷയും ലഭിക്കും.

തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് രാവിലെ ആറ് മുതല്‍ മൂന്ന് വരെയുള്ള സമയപരിധിയില്‍ പുറത്ത് പോകുവാനേ അനുവാദമുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കറങ്ങി നടന്നാലും പിഴവീഴും. അവശ്യവസ്തുക്കള്‍ വാങ്ങി വേഗം വീടണയണം. പുറത്ത് കറങ്ങാനിറങ്ങിയ നിരവധി പേര്‍ക്ക് ഇന്നലെ പിഴ ലഭിച്ചു. പ്രവാസികളടക്കം നിരവധി പേരുടെ ഇഖാമയുടെ ഫോട്ടോ ആഭ്യന്തര മന്ത്രാലയം എടുത്തിട്ടുണ്ട്. ഇതിലേക്ക് പിന്നീട് പിഴ ചുമത്തുകയാണ് ചെയ്യുന്നത്. മതിയായ രേഖകളോടെയാണ് പുറത്തിറങ്ങിയതെങ്കില്‍ പിഴക്കെതിരെ അബ്ഷീര്‍ വഴി തന്നെ അപ്പീല്‍ നല്‍കാം. എല്ലാവരും രാവിലെ അത്യാവശ്യ വസ്തുക്കള്‍ വാങ്ങി പെട്ടെന്ന് വീടണയുകയാണിപ്പോള്‍. പൊടുന്നനെയാണ് പലഭാഗത്തും സുരക്ഷാ വിഭാഗം എത്തുന്നത്. ഇതോടെ പുറത്ത് നില്‍ക്കുകയായിരുന്ന പലരും പെട്ടുപോവുന്നു.

പരമാവധി അകത്തിരിക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇന്നു മുതല്‍ രോഗം കണ്ടെത്തിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് വന്നിട്ടുണ്ട്. ഇതിനാലാണ്  നിയന്ത്രണം കൂടുതല്‍ കര്‍ശനമാകുന്നത്.