സൗദിയില്‍ കര്‍ഫ്യൂ വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടികൊണ്ട് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്; വിമാന സര്‍വീസുകളും നീളും

അസ്മ ജംഷീദ്
റിയാദ്: 21 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ പൂര്‍ത്തിയാകാനിരിക്കെയാണ് ഇന്നലെ രാത്രി അനിശ്ചിത കാലത്തേക്ക് വീണ്ടും കര്‍ഫ്യൂ നീട്ടിയതായി സല്‍മാന്‍ രാജാവിന്റെ പുതിയ ഉത്തരവ് വന്നിട്ടുള്ളത്.
മാര്‍ച്ച് 22 നായിരുന്നു സൗദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഇത് ഇന്നലെ അര്‍ധ രാത്രി പൂര്‍ത്തിയായി. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്നതിനാല്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം. കോവിഡ് 19 പ്രതിരോധം പൂര്‍ണമായെന്ന് ബോധ്യമാകുന്ന സമയത്തു മാത്രമേ ഇനി കര്‍ഫ്യൂ പിന്‍വലിക്കൂ എന്നാണ് തീരുമാനം.
ഇതോടെ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളും വൈകും. നിലവില്‍ സൗദി പൗരന്മാരെ തിരിച്ചെത്തിക്കാന്‍ വിദേശത്തു നിന്നും സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. കര്‍ഫ്യൂ അനിശ്ചിതമായി നീളുന്നതിനാല്‍ വിമാന സര്‍വീസും വൈകിയേക്കുമെന്നാണ് സൂചന.






