6000 സൗദി ഡോക്ടര്‍മാര്‍ വിവിധ രാജ്യങ്ങളില്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ പങ്കാളികളാവുന്നു

റിയാദ്: കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ 27 രാജ്യങ്ങളില്‍ സ്‌കോളര്‍ഷിപ്പ് പഠനം നടത്തുന്ന ആറായിരത്തിലധികം സൗദി ഡോക്ടര്‍മാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗീക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഓരോ രാജ്യങ്ങളിലെയും ഡോക്ടര്‍മാരോട് ചേര്‍ന്നുനിന്ന് വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിലും ആവശ്യമായ ചികിത്സകള്‍ നല്‍കുന്നതിലും സൗദി ഡോക്ടര്‍മാര്‍ ചെയ്യുന്ന സേവനങ്ങളെ അന്താരാഷ്ട്രാ തലങ്ങളില്‍ വലിയ പ്രശംസ പിടിച്ചുപറ്റിയതായും ഈ പ്രവര്‍ത്തനം സൗദിയോടുള്ള ആഗോള കാഴ്ചപ്പാടില്‍ വലിയ മാറ്റത്തിന് കരണമായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കാനഡയില്‍ ദൈനം ദിനം രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും രോഗം നിയന്ത്രിക്കുന്നതിന് സമൂഹത്തില്‍ വലിയ രീതിയിലുള്ള അവബോധം നടത്തണമെന്നും കാനഡയിലെ തോറിന്റോ യൂണിവേഴ്‌സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടറായ ഡോക്ടര്‍ ഹൈതം ബഗ്‌ളഫ് വ്യക്തമാക്കി.
അതുപോലെ അമേരിക്കയിലെ സ്ഥിതി വളരെ മോശമായ അവസ്ഥയാണെന്നും ദിവസവും ആയിരങ്ങള്‍ക്കാണ് വൈറസ് വ്യാപിക്കുന്നതെന്നും അമേരിക്കയിലെ സൗദി ഡോക്ടറായ മുഹമ്മദ് സംനൂദി അറിയിച്ചു. ഇവിടെ ഡോക്ടര്‍മാര്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി രോഗികള്‍ക്ക് മതിയാവുന്ന അത്രയും മെഡിക്കല്‍ ഉപകരണങ്ങള്‍ ഇല്ലെന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രാന്‍സില്‍ 302 സൗദി ഡോക്ടര്‍മാര്‍ കൊറോണ ബാധിച്ച രോഗികളെ പരിചരിക്കുന്നതില്‍ ഫ്രാന്‍സിലെ മറ്റു ഡോക്ടര്‍മാരെ സഹായിക്കുന്നുവെന്ന് ഫ്രാന്‍സിലെ കള്‍ച്ചറല്‍ മേധാവി ഡോക്ടര്‍ അബ്ദുല്ല സനിയ്യാന്‍ വ്യക്തമാക്കി.






