ആശ്രിത ലെവിക്ക് ഇളവില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം

റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാാത്തലത്തില്‍ വിദേശികളുടെ ഇഖാമകള്‍ പുതുക്കുമ്പോള്‍ ലെവി അടക്കാതെതന്നെ മൂന്ന് മാസകാലാവധി അധികമായി ലഭിക്കുമെന്ന നിയമത്തില്‍ ഫാമിലികളും ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് പാസ്സ്‌പോര്‍ട്ട് വിഭാഗം കൊടുത്ത മറുപടി ഇങ്ങനെ:

വിദേശിയുടെ ആശ്രിതര്‍ വിദേശിയുടെ ഇഖാമയില്‍ ചേര്‍ക്കപ്പെട്ടതാണെങ്കില്‍ അവര്‍ക്കും മൂന്ന് മാസം അധികമായി അവരുടെ ഇഖാമകള്‍ നീട്ടിക്കിട്ടും പക്ഷെ ആശ്രിത ലെവിയില്‍ നിന്നും ഇവര്‍ക്ക് ഇളവ് ലഭിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

വിദേശികള്‍ക്ക് അവരുടെ ഇഖാമയില്‍ മൂന്ന് മാസത്തെ അധിക സമയം ലഭിക്കുന്നതിന് 2020 മാര്‍ച്ച് 18 നും 2020 ജൂണ്‍ 23 നും ഇടയില്‍ കാലാവധി അവസാനിക്കുന്ന ഇഖാമകള്‍ക്ക് മാത്രമായിരിക്കും. അതുപോലെ ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രഫഷന്‍ കച്ചവടവുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന് നിബന്ധനയുണ്ടെന്നും പാസ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനെതിരെ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ നടപടികള്‍ സ്വകാര്യമേഖലയെ സാമ്പത്തികമായി വളരെയധികം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിന് ഒരു പരിഹാരമെന്ന നിലയിലാണ് വിദേശ തൊഴിലാളികളുടെ ഇഖാമകള്‍ക്ക് ലെവി അടക്കാതെ മൂന്ന് മാസത്തെ അധികകാലാവധി നല്‍കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്.