‘മദ കാര്‍ഡ്’വഴി സാധനങ്ങള്‍ വാങ്ങുന്ന പരിധി 300 റിയാലാക്കി ഉയര്‍ത്തി

അസ്മ ജംഷീദ്

റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കറന്‍സി ഇടപാടുകള്‍ കുറയ്ക്കുന്നതിനുള്ള നീക്കം അധികൃതര്‍ ആരംഭിച്ചു. ‘മദ ക്രെഡിറ്റ്, ഡെബിറ്റ്’ കാര്‍ഡുകള്‍ ഉപയോഗിച്ച് രഹസ്യ കോഡ് എന്റര്‍ ചെയ്യാതെ ഒറ്റത്തവണ വാങ്ങാവുന്ന പരിധി 100 റിയാലില്‍ നിന്നും 300 റിയാലിലേക്ക് ഉയര്‍ത്തുവാനാണ് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധമായി സൗദിയിലെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

നിലവില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പാസ്‌വേഡ് നല്‍കാതെ തന്നെ പോയിന്റ് ഓഫ് സെയില്‍(പി.ഒ.എസ്) ഉപകരണങ്ങളില്‍ എന്‍എഫ്‌സി സാങ്കേതികവിദ്യയിലൂടെ ‘മാദാ’ ബേങ്ക് കാര്‍ഡ് വഴി ഒറ്റത്തവണ പരമാവധി 100 റിയാലിന്റെ പേയ്‌മെന്റുകള്‍ മാത്രമേ നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. സര്‍ക്കുലര്‍ അനുസരിച്ച് 300 റിയാലിലേക്ക് വാങ്ങല്‍ പരിധി ഉയര്‍ത്തും. ഇതിനായി ‘മദാ പേയ്‌മെന്റ് കാര്‍ഡി:നെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും അപ്‌ഡേറ്റ് പൂര്‍ത്തിയാകുന്നതുവരെ അവരുടെ സിസ്റ്റങ്ങളിലും ദേശീയ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഘടകങ്ങളിലും ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ‘സാമ’ നിര്‍ദ്ദേശം നല്‍കി.