കൊവിഡ് 19; കണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കണ്ണൂരില്‍ 26 പേരുടെ ഫലത്തിനായി കാത്തിരിപ്പ്

കണ്ണൂര്‍: കൊവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ 26 പേരുടെ ഫലം കൂടി വരാനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് കളക്ടര്‍ക്ക് കൈമാറിയതായി ഡിഎംഒ ഡോ. നാരായണ നായ്ക് പറഞ്ഞു.

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയായ 46 കാരന്‍ മാര്‍ച്ച് അഞ്ചാം തിയ്യതി രാത്രി ഒമ്പതരക്കാണ് എസ്ജി 54 സ്‌പൈസ് ജെറ്റില്‍ കരിപ്പൂരില്‍ വന്നിറങ്ങിയത്. ഇയാള്‍ക്ക് വീട്ടിലേക്ക് വരാനായി നാട്ടില്‍ നിന്നും എത്തിയ ടാക്‌സി കാറില്‍ ഡ്രൈവര്‍ക്ക് പുറമെ ഭാര്യയും മകനും അമ്മാവനുമാണ് ഉണ്ടായിരുന്നത്. പത്തരയോടെ കൊണ്ടോട്ടിയിലെ ഒരു ഹോട്ടലില്‍ എത്തി ഇവരെല്ലാം ഭക്ഷണം കഴിച്ചു. പുലര്‍ച്ചയോടെ പെരിങ്ങോമിലെ വീട്ടിലെത്തി. വീട്ടില്‍ ഇദ്ദേഹത്തിന്റെ അമ്മയാണുള്ളത്. അടുത്ത ദിവസം തന്നെ ഇയാള്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പരിശോധനക്കെത്തി. വ്യക്തമായ റൂട്ട് മാപ്പ് തയ്യാറാക്കിയാണ് പുറത്ത് വിട്ടിരിക്കുന്നത്.