സൗദി അറേബ്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 21 ആയി

ജിദ്ദ: ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി സൗദിയില്‍  കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ സൗദിയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധ 21 ആയി.

ന്യൂയോര്‍ക്കില്‍ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രാ മധ്യേ  ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഈജിപ്തുകാരനില്‍ വൈറസ് രോഗം കണ്ടെത്തിയത്. ആരോഗ്യം നിരീക്ഷിക്കാന്‍ സ്ഥാപിച്ച തെര്‍മല്‍-ഇമേജിംഗ് ക്യാമറകയില്‍ താപനില ഉയര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജിദ്ദയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജിദ്ദയിലെത്തുന്നതിന് 14 ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ അമേരിക്കയിലേക്ക് പോയിരുന്നു. അതിനുമുമ്പ് ഇയാള്‍ ഈജിപ്തിലായിരുന്നു.

കോവിഡ് -19 വൈറസ് രോഗം സ്ഥിരീകരിച്ച എല്ലാവരും ആരോഗ്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി നിരീക്ഷണത്തിലും ചികിത്‌സയിലുമാണെന്നും കഴിയാവുന്ന ഏറ്റവും മികച്ച ചികിത്‌സയാണ് നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് പടര്‍ന്ന രാജ്യത്തേക്ക് അടുത്തിടെ യാത്ര ചെയ്തവര്‍ ആരോഗ്യ സേവന കേന്ദ്രവുമായി ബന്ധന്ധപ്പെടണം. 937 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.