ബെഹ്‌റയെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് മേധാവിയെ പ്രതിപക്ഷം അവഹേളിക്കുകയാണ്. അത് ശരിയല്ല. ബെഹ്‌റയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ മോഹം നടക്കില്ല, ഡിജിപിയുടെ നടപടികള്‍ സുതാര്യമാണെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസില്‍ കേന്ദ്രീകൃത പര്‍ച്ചേഴ്‌സ് മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ഇതിനായി മന്ത്രിസഭയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗാലക്‌സോണ്‍ കമ്പനിക്ക് കൂട്ടുനിന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്ന് പിടി തോമസ് എംഎല്‍എ ആണ് സഭയില്‍ ആവശ്യപ്പെട്ടത്. ഒരു രൂപമൂലധനമില്ലാത്ത ഗാലക്‌സോണ്‍ കമ്പനിക്ക് കോടികളുടെ തട്ടിപ്പ് നടത്താന്‍ അവസരമൊരുക്കിയ, ഗാലക്‌സോണ്‍ കമ്പനിക്ക് കൂട്ടുനിന്ന ബെഹ്‌റയെ പുറത്താക്കണം. അല്ലെങ്കില്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപി ബെഹ്‌റ ലാവലില്‍ കേസിലെ പാലമാണ്. ലാവലിന്‍ കേസില്‍ ഡല്‍ഹി രാജധാനിയിലേക്ക് ബെഹ്‌റയെന്ന പാലത്തിലൂടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ആ പാലം തകര്‍ന്നാല്‍ മുഖ്യമന്ത്രി അഗാധഗര്‍ത്തത്തിലേക്ക് പോകുമെന്നും പിടി തോമസ് പറഞ്ഞു. എന്നാല്‍ ലാവലിന്‍ കേസ് പരാമര്‍ശിച്ചതില്‍ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. ചിലയാളുകള്‍ അവിടെയിരുന്ന് ചിലത് പറയുന്നുണ്ട്. അവരുടെ അന്തസ്സിന് അനുസരിച്ചാണ് അവര്‍ പറയുന്നത്. എങ്ങനെ വളര്‍ന്നുവെന്നാണ് അത് കാണിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.