ജിസിസി പൗരന്മാര്‍ക്ക് മക്ക, മദീന സന്ദര്‍ശനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി

ജിദ്ദ: കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധ നടപടി ക്രമങ്ങളുടെ ഭാഗമായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗ രാജ്യങ്ങളിലെ പൗരന്മാര്‍ മക്കയിലും മദീനയിലും പ്രവേശിക്കുന്നത് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. സൗദി വിദേശ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി(എസ്.പി.എ)യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഇപ്പോള്‍ സൗദിക്കകത്തുള്ള ജി.സി.സി പൗരന്മാര്‍ക്ക് മക്കയില്‍ ചെന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനും മദീന സിയാറത്തിനും തടസ്സമില്ല. തുടര്‍ച്ചയായി 14 ദിവസം സൗദിയിലുള്ള കൊറോണ ലക്ഷണങ്ങളൊന്നുമില്ലാത്തവര്‍ക്കാണ് ഉംറ കര്‍മ്മത്തിനും മദിന സിയാറക്കും അനുമതി ഉള്ളത്. ഇതിനായി ജി.സി.സി പൗരന്‍മാര്‍ ഹജ് ഉംറ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി അനുമതി തേടണം.
സൗദി അധികൃതര്‍ കൊറോണ പടരുന്നതുമായി ബന്ധപ്പെട്ട് സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണ്. സമയാസമയങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.






