സ്വകാര്യ കമ്പനികളില്‍ സാമ്പത്തിക പ്രതിസന്ധി: സൗദിയിലെ 8,400 വിദേശികള്‍ ഫൈനല്‍ എക്സിറ്റ് വിസക്ക് അപേക്ഷിച്ചു

റിയാദ്: സ്വകാര്യ മേഖലകളിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികാരണം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ 8,400 വിദേശ തൊഴിലാളികള്‍ ഫൈനല്‍ എക്സിറ്റ് വിസക്ക് അപേക്ഷിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധി മൂലം മുന്നോട്ട് പോകാന്‍ കഴിയാത്തെ സാഹചര്യത്തിലാണ് തൊഴിലാളികള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തോട് സ്വദേശത്തേക്ക് തിരികെ പോകാന്‍ ഫൈനല്‍ എക്സിറ്റ് വിസക്ക് അപേക്ഷിച്ചത്.
സംഭവത്തില്‍ ഇടപെട്ട് വിദേശതൊഴിലാളികള്‍ക്ക് അവര്‍ ജോലി ചെയ്ത കമ്പനികളില്‍ നിന്നും ലഭിക്കാനുള്ള ശമ്പളവും സേവനാനന്തര ആനുകൂല്ല്യങ്ങളും സ്വദേശത്തേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റുകളും ലഭ്യമാക്കാനും മറ്റു നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നതിനും വിവിധ വിദേശ രാജ്യങ്ങളിലെ എംബസികളുമായി മാനവ വിഭവ ശേഷി മന്ത്രാലയം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലാളികളുടെ വിഷയത്തില്‍ ഇടപെട്ട് അനുയോജ്യമായ തീരുമാനം എടുക്കുന്നതിനുള്ള ശ്രമത്തിലാണ് മന്ത്രാലയമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം റിയാദ് ഘടകം ഡയറക്ടര്‍ അബ്ദുല്‍ കരീം അസീരി അറിയിച്ചു.
അതേസമയം, വിദേശതൊഴിലാളികളുടെ സാമ്പത്തിക, താമസ, ജീവിത സാഹചര്യം നേരിട്ട് മനസ്സിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും അവര്‍ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ഫീല്‍ഡ് വിസിറ്റ് നടത്തുമെന്ന് ആഗ്രഹിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.






