ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ വടക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമത്തിനിടെ രണ്ട് പേര്‍ക്ക് വെടിയേറ്റു. ഇവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

7 പേരുടെ മരണത്തെ തുടര്‍ന്ന് കലാപം കൂടതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ദയാല്‍പുരില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. മൗജ്പൂരിലും ബ്രഹ്‌മപുരിയിലും കലാപാന്തരീക്ഷം തന്നെയാണ്. ഗോപാല്‍പുരിയില്‍ ദേശീയപതാകയുമായി എത്തിയവരാണ് കടകള്‍ക്ക് തീയിട്ടത്.

ഡല്‍ഹിയിലെ കലാപസമാനമായ അന്തരീക്ഷത്തെക്കുറിച്ചുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി ഷഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ നിയോഗിച്ച മധ്യസ്ഥ സംഘത്തെ സഹായിക്കുന്ന മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ളയാണ് ഹര്‍ജി നല്‍കിയത്. ഇത് നാളത്തെ കേസുകളില്‍ പെടുത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗം അവസാനിച്ചു. യോഗത്തില്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.