അസീറില്‍ വിദേശ തൊഴിലാളിയുടെ വിവാഹം ആഘോഷമാക്കി സൗദി പോലീസും നാട്ടുകാരും

അസീര്‍: അസീര്‍ സെന്റര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ബംഗാളി സ്വദേശിയുടെയും അതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്ന ബംഗാളി സ്വദേശിനിയുടെയും വിവാഹം അസീര്‍ പോലീസും ട്രാഫിക് വിഭാഗവും സുരക്ഷാ വിഭാഗവും നാട്ടുകാരും ആഘോഷമാക്കി നടത്തി.
വിവാഹത്തിന്റെ മുഴുവന്‍ ചിലവുകളും നാട്ടുകാരും ആശുപത്രി പ്രദേശത്തെ പോലീസും ട്രാഫിക് വിഭാഗവുമാണ് വഹിച്ചത്. വധൂവരന്മാര്‍ക്ക് താമസിക്കുവാന്‍ നല്ല ഒരു വീടും അവര്‍ തന്നെ ഏറ്റെടുത്തു നല്‍കി തെക്കന്‍ സൗദിയുടെ പാരമ്പര്യവും സംസ്‌കാരവും ആചാരവും അനുസരിച്ചു നടത്തപ്പെട്ട വിവാഹത്തിന് വരന്‍ മുഹമ്മദ് യാസീന്‍ എന്ന ബംഗാളി യുവാവ് സൗദി വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

അസീര്‍ സെന്റര്‍ ആശുപത്രിയിലെ ജീവനക്കാരും സുഹൃത്തുക്കളും നാട്ടുകാരും വരന്റെ ചുറ്റുഭാഗത്തും അണിനിരന്ന് സന്തോഷം പങ്കിട്ടു.
ഏറെക്കാലമായി അസീര്‍ സെന്റര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ബംഗാളിയുവാവ് ആത്മാര്‍ര്ഥതയിലും വിശ്വസ്ഥതയിലും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മനം കവര്‍ന്നിരുന്നു. അതുകൊണ്ട് തന്നെയാണ് അസീര്‍ സെന്റര്‍ ആശുപത്രി ഏരിയയിലെ ട്രാഫിക് വിഭാഗവും പോലീസ് വിഭാഗവും നാട്ടുകാരും ചേര്‍ന്ന് വിവാഹം ആഘോഷമാക്കിയത്.
വരന്റെ സുഹൃത്തുക്കള്‍, നാട്ടുകാര്‍, ആശുപത്രിയിലെ ഡോക്ടര്‍മാര്‍, സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കുവാനെത്തി. അതിഥികളായെത്തിയ പലരും സാമ്പത്തിക സഹായവും സമ്മാനങ്ങളും നല്‍കിയാണ് മടങ്ങിയത്.






