നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയ സ്ത്രീ 20 വര്‍ഷത്തിന് ശേഷം പിടിയില്‍

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഒരു ആശുപത്രിയില്‍നിന്നും രണ്ട് നവജാത ശിശുക്കളെ തട്ടികൊണ്ട് പോയ കേസിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍. അമ്പതുകാരിയായ സ്ത്രീയാണ് പിടിയിലായതെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് വാക്താവ് അറിയിച്ചു.
രണ്ടു കുട്ടികള്‍ക്കും നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ് ഇഷ്യു ചെയ്യുന്നതിനുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ ഉണ്ടായ അസ്വാഭാവികതയും അവ്യക്തതയുമുണ്ടായതാണ് സ്ത്രീയെ സംശയിക്കുകയും പിടികൂടാന്‍ ഇടയാക്കിയതെന്നും പൊലീസ് വക്താവ് പറഞ്ഞു.
രണ്ടു കുട്ടികളെയും തനിക്ക് കളഞ്ഞുകിട്ടിയതാണെന്നും ആരും അറിയാതെ ഇവരെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്നുമാണ് പിടിയിലായ സ്ത്രീ അവകാശപ്പെട്ടത്. കൃത്യമായ അന്വേഷണങ്ങളും രേഖകളും ഡിഎന്‍എ പരിശോധന ഫലങ്ങളും കുട്ടി ഇവരുടേതല്ലെന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ ഈ സ്ത്രീയുടേതല്ലെന്നും തട്ടിക്കൊണ്ട് പോയതാണെന്ന് തെളിയിക്കുവാനായതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് അറിയിച്ചു.
1996 ലും 1999 ലുമാണ് ദമ്മാമിലെ ഒരു ആശുപത്രിയില്‍ നിന്നും നവജാത ശിശുക്കളെ കാണാതായ വിവരം പൊലീസിന് ലഭിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോയകേസില്‍ ആരോപണവിധേയയായ സ്വദേശി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തുവരുന്നു.
അതേസമയം അതിലൊരു കുട്ടിയെ കുടുംബം സ്വീകരിച്ചുവെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും തങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടുകളും ഡിഎന്‍എ ടെസ്റ്റ് ഫലവും കാത്തിരിക്കുകയാണെന്നും തട്ടിക്കൊണ്ട് പോയ കുട്ടികളില്‍ ഒരാളായ മൂസ അല്‍ ഖനീസിയുടെ സഹോദരന്‍ അറിയിച്ചു.






