മാടപ്പീടിക രാജാസ് കല്ലായി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമം

തലശ്ശേരി : മാടപ്പീടിക രാജാസ് കല്ലായി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമം ആരംഭിക്കുന്നതായി പ്രൊജക്ട് ഡയറക്ടർ സന്തോഷ് ഇല്ലോളിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 14 ന് ഉച്ചയ്ക്ക് 2.30 ന് പ്രവർത്തനങ്ങളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരണവും ജനകീയ കൂട്ടായ്മയും ഒരുക്കുന്നു.

ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ നജ്മ ഹാഷിം നിർവ്വഹിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വിജയത്തിനായി ഡോ. പി.എം ശങ്കരൻ കുട്ടി മുഖ്യ ഉപദേഷ്ടാവായി പത്തോളം റിട്ട. പ്രൊഫസർമാരും വിദ്യാഭ്യാസ പ്രവർത്തകരും ഉപദേശക സമിതി രൂപീകരിച്ചു. 35 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂൾ റോഡ് നവീകരണം, ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ എയർ ക്ലാസ് റൂം എന്നീ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പ്രദേശത്തെ ആളുകൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന റീഡേർസ് സെന്ററായി വിദ്യാലയത്തെ മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഡോ. പി.എം ശങ്കരൻ കുട്ടി, ഡോ. ശശിധരൻ കുനിയിൽ, എ.ഷീല, എം.പി അബ്ദുൾ റഹ്മാൻ, കെ. ഉഷ, കെ. ഷാജി, വി. പി പ്രദീപൻ, തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.