ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബാധ്യതയും ഉത്തരവാദിത്വവും സമൂഹത്തിനെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി

തലശ്ശേരി: കുട്ടികളുടെ അഭിരുചികൾ ശ്രദ്ധിക്കാതെയും കാണാതെയും രക്ഷിതാക്കൾ പഠിക്കാൻ നിർബ്ബന്ധിക്കുന്നത് അഭികാമ്യമല്ല. തലശ്ശേരി പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും തലശ്ശേരി ജേസീസും സംയുക്തമായി ‘ബാലാവകാശങ്ങൾ മാധ്യമങ്ങളും പൊതു സമൂഹവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടിയെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന നാടാണ് നമ്മുടെത്. എന്നാൽ വിദേശ രാജ്യങ്ങളിൽ കുട്ടികൾക്ക് പഠന സ്വാതന്ത്ര്യമുണ്ട്. അവിടെ അവർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കാൻ കഴിയും.ഇവിടെയാണെങ്കിൽ രാഷ്ട്രീയക്കാർ ഉൾപെടെയുള്ളവർ കുട്ടികളുടെ സ്വാതന്ത്ര്യത്തിന് വില കൽപിക്കുന്നില്ല. സമൂഹം മാറിയില്ലെങ്കിൽ കുട്ടികൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗാലറികൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മററ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവൃത്തിക്കാനാവുന്നുണ്ട് . പ്രസ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു.






