പ്രമേയം തള്ളിയതിന് പിന്നില്‍ ഒത്തുകളി: മുല്ലപ്പള്ളി

തിരുവനന്തപുരം: ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം നിയമസഭയുടെ കാര്യോപദേശക സമിതി തള്ളിയത് സി.പി.എമ്മും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുന്നു എന്ന തന്റെ നിലപാട് ഒരിക്കല്‍ക്കൂടി സാധൂകരിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നയപ്രഖ്യാപനത്തില്‍ വിവാദ ഖണ്ഡിക ഗവര്‍ണര്‍ വായിച്ചപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമായതാണ്. സര്‍ക്കാരും മുഖ്യമന്ത്രിയും എല്ലാ കാര്യത്തിലും ബി.ജെ.പിയുമായി യോജിച്ചാണ് പോകുന്നത്. ന്യൂനപക്ഷങ്ങളുടെ ആശങ്കദൂരികരിക്കുന്നതില്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഒരു ആത്മാര്‍ത്ഥയുമില്ല. ന്യൂനപക്ഷവിഭാഗങ്ങളെ വഞ്ചിച്ചിരിക്കുകയാണ് ഇടതുസര്‍ക്കാര്‍.

ബി.ജെ.പി അംഗം ഉള്‍പ്പടെയുള്ള എം.എല്‍.എമാര്‍ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഇപ്പോവും പ്രതികരിക്കാന്‍ തയ്യാറല്ല. ഗവര്‍ണര്‍ക്കെതിരേയുള്ള കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെ പ്രതിഷേധം വ്യക്തിവിരോധം കൊണ്ടല്ല, മറിച്ച് ബി.ജെ.പിയെ പ്രീതിപ്പെടുത്താനും മോദിയുടെ നയങ്ങള്‍ അതേപടി നടപ്പിലാക്കാനുമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെയാണ്. പൗരത്വ നിയമ ദേദഗതിക്കെതിരെ സര്‍ക്കാരും സി.പി.എം നടത്തുന്ന പ്രചാരത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ മോദിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ശക്തമായ നിലപടാണ് മുഖ്യമന്ത്രി സ്വീകരിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.