ജിദ്ദയില്‍ സൗജന്യ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച്ച

ക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച ബാബുമക്കയിലുള്ള ഹിബ ഏഷ്യയില്‍.

ജിദ്ദ: ആരോഗ്യമുള്ള പ്രവാസി സമൂഹം ലക്ഷ്യമാക്കി പെരിന്തല്‍മണ്ണ നിവാസികളുടെ ജിദ്ദ ആസ്ഥാനമായുള്ള കൂട്ടായ്മയായ ‘പെരിന്തല്‍മണ്ണ എന്‍.ആര്‍.ഐ ഫോറം(പെന്റിഫ്)’ സൗജന്യമായി ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജിദ്ദ ഹിബ ഏഷ്യ ഹെല്‍ത്ത് കെയര്‍ ഗ്രുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച്ച ബാബുമക്കയിലുള്ള ഹിബ ഏഷ്യ ജനറല്‍ പോളിക്ലിനിക്കില്‍ വെച്ച് നടക്കുമെന്ന് കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. പോളിക്ലിനിക്ക് പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇതിനകം മൂന്ന് തവണ പ്രവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച പെന്റിഫ്, ഹിബ ഏഷ്യയുമായി സഹകരിച്ചാണ് കഴിഞ്ഞ രണ്ട് തവണ മെഡിക്കല്‍ ക്യാമ്പ് നടത്തിയിട്ടുള്ളത്. രാവിലെ 8 മണിക്ക് ആരംഭികുന്ന ക്യാമ്പ് വൈകീട്ട് 3 മണി വരെ സമസ്‌ക്കാരസമയങ്ങളൊഴിച്ചുള്ള സമയങ്ങളില്‍ തുടരും. ജീവിത ശൈലി രോഗങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗങ്ങള്‍ പ്രാരംഭ ദിശയില്‍ കണ്ടെത്തി വേണ്ട ചികിത്സയും ബോധവത്കരണവും നടത്തുക എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഇ.സി.ജി, ആല്‍ബമിന്‍, രക്തഗ്രൂപ് നിര്‍ണ്ണയം തുടങ്ങിയ പരിശോധനകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് ക്യാമ്പില്‍ നല്‍കപ്പെടുക. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിദ്ദയിലെ കല, കായിക, സാമൂഹിക, സാസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ‘പെന്റിഫ്’ പ്രവൃത്തിച്ചുവരുന്നുണ്ട്.

ക്യാമ്പില്‍ പങ്കെടുക്കുന്നതിന് 0552122879, 0509392752, 0535249251, 0509551239 എന്നീ നമ്പറുകളില്‍ ജിദ്ദയിലുള്ളവര്‍ക്ക് മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ‘പെന്റിഫ്’ ഭാരവാഹികള്‍ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പെന്റിഫ് ഭാരവഹികളും ഹിബ ഏഷ്യ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് പ്രതിനിധികളുമായ ബിഷര്‍. പി.കെ താഴേക്കോട്, നാസര്‍ ശാന്തപുരം, അബ്ദൂല്‍ മജീദ് വി.പി, സഇീദ് പി.കെ കരിങ്കല്ലത്താണി, അയ്യൂബ് മുസ്‌ലിയാരകത്ത്, പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.