വ്യാജ ഇഖാമ: മക്കയില്‍ ഇന്ത്യക്കാരനടക്കം രണ്ട് വിദേശികള്‍ പിടിയില്‍

പിടിക്കൂടിയ രണ്ടു വിദേശികളില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ സോമാലിയന്‍ വംശജനും

മക്ക: വ്യാജ ഇഖാമ നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്ന രണ്ട് വിദേശികളെ മക്ക പൊലീസ് പിടികൂടി. പ്രതികളില്‍നിന്നും 2498 വ്യാജ ഇഖാമകളും കണ്ടെടുത്തു.

വ്യാജ ഇഖാമ കേസില്‍ പിടിക്കപ്പെട്ട രണ്ടു വിദേശികളില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ സോമാലിയന്‍ വംശജനുമാണെന്ന് മക്കാ റീജിയണല്‍ പൊലീസ് വക്താവ് കേണല്‍ മുഹമ്മദ് ഗാംദി വ്യക്തമാക്കി.  വിദേശികളുടെ ഐഡന്റിറ്റി നിര്‍മ്മിച്ച് വില്‍ക്കുന്നുവെന്ന് വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ രേഖകള്‍ നിര്‍മ്മിക്കുന്നതിന് മാത്രമായി പ്രതികള്‍ ഒരു കേന്ദ്രം വാടകക്കെടുത്തിരുന്നുന്നു.   പ്രതികളില്‍ നിന്നും 2498 ഇഖാമകള്‍, വ്യാജമായുണ്ടാക്കിയ ഹെല്‍ത്ത് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവക്കു പുറമെ, കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്ന മെഷീന്‍, കമ്പ്യൂട്ടര്‍ എന്നിവയും പ്രതികളുടെ കേന്ദ്രത്തില്‍ നിന്നും പിടികൂടിയതായും മക്കാ റീജ്യണല്‍ പോലീസ് വക്താവ് കേണല്‍ മുഹമ്മദ് ഗാമിദി അറിയിച്ചു.