റിപ്പബ്ലിക് ദിനാഘോഷം; യാമ്പു വിചാരവേദിയുടെ പരിപാടികൾ നവ്യാനുഭവമായി

യാംബു: ഇന്ത്യയുടെ എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി യാമ്പു വിചാരവേദി വിദ്യാർഥികൾക്കും മുതിർന്നവർക്കും വേണ്ടി നടത്തിയ വൈവിധ്യമാർന്ന പരിപാടികൾ നവ്യാനുഭവമായി. അൽ മനാർ ഇന്റർ നാഷനൽ സ്‌കൂളിൽ വിദ്യാർഥികൾക്കായി നടത്തിയ കളറിങ്, ഡ്രോയിങ് മത്സരങ്ങളിൽ നൂറ്റിയമ്പതോളം കുട്ടികൾ പങ്കെടുത്തു.
മത്സരങ്ങളിൽ യഥാക്രമം മേരി ജെയിംസ്, ജിഹാൻ സിദ്ധീഖ്, ഭാവ്യ കൃഷ്ണപ്രസാദ് (കിഡ്സ്), ഫാത്തിമ റിൻഹ, ഹിദേശ് മനപ്പള്ളി, ഹർഷിത് മനപ്പള്ളി (ജൂനിയർ), ആയിഷ ഇഷാൽ, ഫ്രയാ അബ്രഹാം, സാറാ മീന (സബ് ജൂനിയർ), അശ്വിൻ ഷിബു വർഗീസ്,തൃഷ്ണ രാജശേഖരൻ, മുഹമ്മദ് സൈദ് (സീനിയർ) എന്നിവർ ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾക്ക് അർഹരായി. വിജയികൾക്കുള്ള ട്രോഫികൾ ഡോ.യൂസുഫ് റിഷാൽ, സലിം കോയക്കുട്ടി, ബിന്ദു സന്തോഷ്, അഡ്വ.ജോസഫ് അരിമ്പൂർ എന്നിവർ വിതരണം ചെയ്തു.

‘ഇന്ത്യയുടെ ആത്മാവിലൂടെ ഒരു യാത്ര’ എന്ന ശീർഷകത്തിൽ നടന്ന സ്റ്റേജ് പരിപാടികളിൽ നൂറോളം കുട്ടികൾ പങ്കെടുത്ത ദൃശ്യാ വിഷ്കാരം, കേരളത്തിലെ പ്രളയ അതിജീവനത്തെ പറ്റിയുള്ള ‘മഴ’ സ്റ്റേജ് ഷോ, നൃത്തങ്ങൾ, സംഘഗാനം എന്നിവ ആഘോഷത്തെ വർണാഭമാക്കി.
സാഹിത്യവിചാരം സെക്ഷനിൽ നംഷിദ ഷമീർ ‘സൃഷ്ടി വിചാരം’ എന്ന ശീർഷകത്തിൽ ഇന്ത്യയെ കുറിച്ച് സ്വന്തമായി രചിച്ച കവിത അവതരിപ്പിച്ചു. അഫ്രീന നിയാസ് ‘വായനാ അനുഭവം’ പരിപാടി നടത്തി. റെമിൻ ട്രീസ സെബാസ്റ്റ്യൻ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചടങ്ങിൽ വായിച്ചു. സാബു വെള്ളാരപ്പിള്ളി റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിച്ചു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന അവകാശങ്ങളുടെ സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഭരണഘടനാ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നസിറുദ്ദീൻ ഓമണ്ണിൽ, ജാവീദ് അഖ്തർ എന്നിവർ സംസാരിച്ചു.
യാമ്പു വിചാരവേദി പ്രസിഡന്റ് അഡ്വ. ജോസഫ് അരിമ്പൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് വി മൂസ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സാബു വെളിയം, സിന്ധു ജോസഫ്, ഷമീർ കൊണ്ടോട്ടി, നിയാസ് യൂസുഫ്, ഹുസ്‌നു കോയക്കുട്ടി, മുഹമ്മദ് യാഷിഖ്, ഭരത് രാജ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.






