കൊറോണ വൈറസ് സംശയം; യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽനിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്.

കൊറോണ ബാധ സംശയിച്ച ഡോക്ടർമാർ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കേളേജിലേക്ക് മാറ്റുകയായിരുന്നു.മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. കൂടുതൽ പരിശോധനകൾക്കായി സ്രവം പൂണെയിലെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. മറ്റ് വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

ചൈനയിൽ നിന്ന് തിരിച്ചെത്തിയ ഏറ്റുമാനൂരിലെ ഒരു വിദ്യാർഥിനിയും നിലവിൽ കോട്ടയത്ത് നിരീക്ഷണത്തിലുണ്ട്. അതേസമയം വിദ്യാർഥിനി പൂർണ ആരോഗ്യവതിയാണെന്നും മുൻകരുതലിന്റെ ഭാഗമായ നിരീക്ഷണമാണിതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.