‘അല്‍ ഉലാ’ പാരച്യൂട്ട് ബലൂണ്‍ പ്രദര്‍ശനം ഗിന്നസ് ബുക്കിലേക്ക്

അല്‍ ഉലാ: മദീന പ്രവിശ്യയുടെ ഭാഗമായ അല്‍ ഉലാ സിറ്റിയില്‍ നടന്ന പാരച്യൂട്ട് ബലൂണ്‍ പ്രദര്‍ശനം നിലവിലെ സര്‍വ്വ റെക്കോര്‍ഡുകളും തിരുത്തി ഗിന്നസ് ബുക്കില്‍ ഇടം നേടി. അല്‍ ഉലാ പ്രദേശത്തെ മൂന്ന് കിലോമീറ്ററിലധികം വരുന്ന ആകാശങ്ങളെ വര്‍ണ്ണാഭമാക്കി 100 ഭീമാകാരമായ പാരച്യൂട്ട് ബലൂണുകള്‍ പ്രദര്‍ശിപ്പിച്ച് ലോകത്തെ ഏറ്റവും നീളമുള്ള ബലൂണ്‍ പ്രദര്‍ശനത്തിലാണ് ലോക റെക്കാര്‍ഡ് ലഭിച്ചത്.

‘ശിതാ തന്തൂറ’ എന്ന പരിപാടിയുടെ ഭാഗമായാണ് ബലൂണ്‍ പ്രദര്‍ശനം നടന്നത്. ബലൂണ്‍ പാരച്ചൂട്ടില്‍ ലോകമെമ്പാടുമുള്ള 19 രാഷ്ട്രങ്ങളില്‍ നിന്നുള്ള പാരച്യൂട്ട് പൈലറ്റുമാര്‍ പങ്കെടുത്തിരുന്നു. ഗിന്നസ് ബുക്ക് ടീമിന്റെ സാന്നിധ്യത്തില്‍ നടത്തിയ പ്രദര്‍ശനം നിലവിലെ റിക്കാര്‍ഡുകള്‍ തിരുത്തിയതായി ഗിന്നസ് ബുക്ക് അധികൃതര്‍ അറിയിച്ചു.
സംഗീതത്തോടൊപ്പം നൃത്തം ചെയ്യുന്ന ലൈറ്റുകളുടെ അകമ്പടിയോടെയാണ് പാരച്യൂട്ട് ബലൂണുകള്‍ ആകാശത്തെ പരിസരത്തു പറന്നാടിയത്. പാരച്യൂട്ടു ബലൂണുകളുടെ ആകാരം കൃത്യമായി അലങ്കാര ലൈറ്റ് കൊണ്ട് പൊതിയുന്ന രീതിയിലാണ് ലൈറ്റുകള്‍ സംവിധാനിച്ചിട്ടുള്ളത്.

അല്‍ ഉലാ പ്രദേശത്തിന്റെ ആകാശത്തെ വര്‍ണ്ണാഭമാക്കിയ പാരച്യൂട്ട് ബലൂണ്‍ പ്രദര്‍ശനത്തിന് ഗിന്നസ് ബുക്കില്‍ ഇടം നേടാനായതില്‍ അല്‍ ഉലാ റോയല്‍ കമ്മീഷന്‍ സി.ഇ.ഒ അംറ് അല്‍ മദനി സന്തോഷം രേഖപ്പെടുത്തി.