മാടായിപ്പാറ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു

ജുലീന
മാടയിപ്പാറ: ജൈവ വൈവിധ്യ കേന്ദ്രവും ചരിത്ര പ്രസിദ്ധവുമായ മാടായിപ്പാറ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതോടെ മദ്യക്കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്.
ഇത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ദുരിതം വിതയ്ക്കുന്നു. മദ്യലഹരിയില്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളില്‍ നിന്നും മറ്റും തീ പിടിച്ചു ഏക്കര്‍ കണക്കിന് പുല്‍മേടുകളാണ് കത്തിനശിച്ചത്. പ്രകൃതിയുടെ വരദാനവും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ മാടായിപ്പാറയിലാണ് മദ്യകുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടിയിരിക്കുന്നത്. ഇരുളിന്റെ മറവില്‍ മദ്യപിക്കുന്നവര്‍ കുപ്പികള്‍ പൊട്ടിച്ച് അലക്ഷ്യമായി വലിച്ചെറിയുന്നത് പ്രഭാത-സായാഹ്നങ്ങളില്‍ മാടായിപാറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന നൂറുകണക്കിന് പ്രകൃതി സ്‌നേഹികളെയാണ് മുറിവേല്‍പ്പിക്കുന്നത്.
നിരവധി സിനിമ-പരസ്യ ചിത്രീകരണങ്ങള്‍ക്ക് വേദിയായ മാടായിപ്പാറയെയാണ് സാമൂഹ്യവിരുദ്ധര്‍ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്.






