കൊടുവള്ളി റെയിൽവെ മേൽപാല വഴിയിലെ നെട്ടൂർ പോസ്റ്റാഫീസ് തടസ്സം – പോസ്റ്റൽ ഡി.ജി.പി.അടിയന്തിര ഉത്തരവിറക്കണമെന്ന് കെ.മുരളീധരൻ എം.പി

തലശ്ശേരി: നാടിന്റെ പതിറ്റാണ്ടുകളായുള്ള വികസന സ്വപ്നങ്ങളിൽ ഒന്നായ കൊടുവള്ളി റെയിൽവെ മേൽപാല നിർമ്മാണം വൈകുന്നത് ഒഴിവാക്കാൻ സ്ഥലം എം.പി.യായ കെ.മുരളീധരൻ ഇടപെടുന്നു. മേൽപാലം പണിയാനായി കേരള സർക്കാർ ഏറ്റെടുത്ത സ്ഥലത്ത്നിന്ന് ഒഴിഞ്ഞു മാറാൻ വിസമ്മതിക്കുന്ന നെട്ടൂർ പോസ്റ്റാഫീസ് സ്ഥലത്ത് നിന്ന് നീക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ പോസ്റ്റൽ വകുപ്പ് മേധാവിയായ ഡയറക്ടർ ജനറൽ ഓഫ് പോസ്റ്റിന് എം.പി. എഴുത്ത് അയച്ചു.
തന്റെ നിയോജക മണ്ഡലത്തിലെ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് എം.പി. ആവശ്യപ്പെട്ടത്.’ മേൽപാലത്തിന് ഏറ്റെടുത്ത ഭൂമിയോട് തൊട്ട് നിൽക്കുന്ന സ്ഥലം പോസ്റ്റൽ വകുപ്പിന്റെ താണ്. ഇവിടെ നിട്ടൂർ പോസ്റ്റാഫീസിനായി പുതിയ കെട്ടിടം പണിയാൻ അനുവദിച്ചാൽ തീരുന്ന തർക്കമേ ഇവിടെ ഉള്ളൂ. ഇതിനുള്ള ഉറപ്പ് ലഭിച്ചാൽ നിലവിലുള്ള പോസ്റ്റാഫീസ് സൗകര്യങ്ങൾ താൽക്കാലികമായി സമീപ സ്ഥലത്തേക്ക് മാറ്റാനാവും. ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് എം.പി. ദില്ലിയിലെ ഡി.ജി.പിയോട് ആവശ്യപ്പെടുന്നത്. കൊടുവള്ളി മേൽപാലത്തിന് വേണ്ടി 22 പേരുടെ കൈവശമുള്ള ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിൽപെട്ട മരമിൽ, ഹോട്ടൽ, ബാങ്ക് ശാഖ,.വീടുകൾ എന്നിവ ഇതിനകം ഒഴിഞ്ഞു പോയി. കൂട്ടത്തിൽ പോസ്റ്റാഫീസും വാടക വീട്ടിൽ തനിച്ചു താമസിക്കുന്ന സ്ത്രീയും മാത്രമാണ് ഒഴിഞ്ഞു പോവാതിരിക്കുന്നത്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിനാൽ ഒഴിഞ്ഞു പോവില്ലെന്ന നിലപാടിൽ ഉറച്ചു താമസിക്കുകയാണ് സ്ത്രീ.
ആശ്രയ പദ്ധതിയിൽ ഉൾപെടുത്തി ഇവർക്ക് വീട് അനുവദിക്കാമെന്ന് നഗരസഭ സന്നദ്ധത അറിയിച്ചെങ്കിലും സ്ത്രീ ഇത് സ്വീകരിക്കുന്നില്ല. പ്രശ്നം സങ്കീർണ്ണമായി തുടരുന്നതിനിടയിൽ നേരത്തെ ജില്ലാ കലക്ടരും ഇപ്പോൾ സ്ഥലം എം.പി.യും ഇടപെട്ടു വരുന്നത് പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.






