കണ്ണൂർ ട്രാഫിക്ക് പൊലീസ് സ്റ്റേഷനിൽ ഓമനിച്ച് വളർത്തിയ നായ പേയിളകി ചത്തു. പൊലീസുകാർ ഭീതിയിൽ.40 പേർ കുത്തിവയ്പെടുത്തു

കണ്ണൂർ: കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ ഓമനിച്ച് വളർത്തിയ തെരുവുനായ പേയിളകി മരിച്ചതിനെ തുടർന്ന് പൊലീസുകാർ ഭീതിയിലായി. 40 പൊലീസുകാർ പ്രതിരോധ കുത്തിവെപ്പെടുത്തു.

കണ്ണൂർ ട്രാഫിക്ക് സ്റ്റേഷനിലെ നിത്യ സന്ദർശകനും രാത്രി പൊലീസുകാരോടൊപ്പം പാറാവു ഡ്യൂട്ടിയും ചെയ്തിരുന്ന തെരുവുനായയെ വളരെ സ്നേഹത്തോടെ ആണ് പൊലീസുകാർ പരിചരിച്ചത്. പൊലീസുകാർ കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു വിഹിതം ഈ തെരുവുനായക്ക് നൽകിയും സ്റ്റേഷനിൽ സ്ഥിരതാമസം ഒരുക്കി. ഇതിന് പ്രത്യുപകാരമായി തെരുവുനായ രാത്രിയിൽ ട്രാഫിക് സ്റ്റേഷനിലെ മുറ്റത്ത് കാവൽ നിൽക്കുകയും അസമയത്ത് സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് നേരെ കുരച്ചു പോലീസുകാരെ ഉണർത്തി ആളുകൾ സ്റ്റേഷനിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പോലീസിന്റെ സ്നേഹ സാന്ത്വനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ രണ്ടു ദിവസം മുൻപ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ തെരുവുനായയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നല്ല ആരോഗ്യമുള്ള തെരുവുനായ പെട്ടെന്ന് ചത്തത് പൊലീസുകാർക്കിടയിൽ സംശയമുണ്ടാക്കി.

പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം നായയുടെ ശരീരം വെറ്ററിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് പോലീസുകാർ ഞെട്ടിയത്. തെരുവുനായ പേയിളകിയാണ് മരിച്ചത് എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ പൊലീസുകാർ ഭീതിയിലായി. നായയുമായി ഇടപഴകിയ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ 40 പൊലീസുകാർ ജില്ലാ ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തി. മറ്റുള്ളവർ അടുത്ത ദിവസങ്ങളിലും കുത്തിവയ്പ് എടുക്കും.