പൗരത്വ ഭേദഗതി: സുപ്രീംകോടതിയുടെ സമീപനം ശുഭകരമെന്ന് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ സമീപനം ശുഭകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരായ ഈ ഹര്‍ജികള്‍ നിലനില്‍ക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കോടതിക്ക് നിസാരമായി ഈ ഹര്‍ജികള്‍ തള്ളികളമായിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യാതിരുന്നത് ഈ വിഷയം കോടതി വളരെ ഗൗരവമായി കാണുന്നുവെന്നതിന് തെളിവാണ്’: ചെന്നിത്തല പറഞ്ഞു.
144 ഓളം പെറ്റീഷനുകളാണ് കേസില്‍ നിലനില്‍ക്കുന്നത്. ഇതിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രം ആറാഴ്ച സമയം ചോദിച്ചെങ്കിലും കോടതി നാലാഴ്ച മാത്രമാണ് സമയം അനുവദിച്ചത്. അഞ്ചാമത്തെ ആഴ്ചയില്‍ ഇത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ അറിയിക്കണം. ഇത്രയുമധികം ആളുകള്‍ ഹര്‍ജികള്‍ നല്‍കിയിട്ടുള്ള കേസായതിനാല്‍ ഇത് പരിശോധിക്കണമെന്നും കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ഹര്‍ജികളില്‍ തീരുമാനമുണ്ടാകുന്നതിന് മുന്‍പ് എങ്ങനെയാണ് യുപിയുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കോടതിയുടെ അന്തിമ നിലപാട് വ്യക്തമായ ശേഷമേ നിയമം നടപ്പിലാക്കാന്‍ സാധിക്കുവെന്നും ഹര്‍ജികള്‍ പരിഗണിക്കവെ കോടതിയും വ്യക്തമാക്കിയിരുന്നു. അന്തിമ തീരുമാനം നാലാഴ്ചയ്ക്ക് ശേഷമേയുണ്ടാകൂ എന്ന കോടതിയുടെ നിലപാട് വ്യക്തമായതോടെയാണ് ഹര്‍ജികള്‍ ഭരണഘടനാ ബഞ്ചിന് വിടണമെന്ന് അഭിഭാഷകര്‍ വാദിച്ചതെന്നും ആ സാധുതയും കോടതിയുടെ പരിഗണനയിലാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.






