വീഡിയോയിലൂടെ മയക്കുമരുന്ന് പ്രദര്‍ശിപ്പിച്ച യുവാക്കള്‍ പിടിയിലായി

റിയാദ്: നിരോധിത മയക്കുമരുന്നുകളും ലഹരി പദാര്‍ത്ഥങ്ങളും പരസ്യമായി കൈവശം വെക്കുകയും ഉപയോഗിക്കുകയും വീമ്പിളക്കുകയും ചെയ്യുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാക്കളെ റിയാദ് പോലീസ് അറസ്റ്റു ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയില്‍ യുവാക്കള്‍ പരസ്യമായി അവരുടെ കാറില്‍ നിരവധി മയക്കു മരുന്ന് ഗുളികകളും, കഞ്ചാവും, മദ്യവും യാതൊരു ഭയവുമില്ലാതെ ആര്‍ത്തട്ടഹസിച്ചു പ്രദര്‍ശിപ്പിക്കുന്ന രംഗമാണ് ഉള്ളത്.
ഈ യുവാക്കള്‍ ഇത്തരം പ്രവൃത്തികളെക്കുറിച്ച് അഭിമാനിക്കുകയും വീമ്പിളക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവര്‍ ഒട്ടും മനസ്സിലാക്കുന്നില്ലെന്ന് റിയാദ് പോലീസ് വക്താവ് പറഞ്ഞു.
വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട നാല് യുവാക്കളുടെയും ഐഡന്റിറ്റി റിയാദ് മേഖല പോലീസ് തിരിച്ചറിയുകയും ശക്തമായ പരിശോധനകള്‍ക്കൊടുവില്‍ പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു.
പ്രതികളെ ചോദ്യം ചെയ്യുന്നതിനും നിയമപരമായ എല്ലാ നടപടികള്‍ സ്വീകരിക്കുന്നതിനുമായി പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും റിയാദ് പോലീസ് വക്താവ് അറിയിച്ചു.






