യൂണിവേഴ്‌സിറ്റി പ്രഫസര്‍മാരുടെ വിരമിക്കല്‍ പ്രായം 70 ആക്കണമെന്ന് നിര്‍ദ്ദേശം

റിയാദ്: സൗദി യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകരുടെ വിരമിക്കല്‍ പ്രായം അറുപതില്‍ നിന്നും എഴുപത് ആക്കുന്നതിനുള്ള പഠനം നടത്തുവാന്‍ ശൂറാ കൗണ്‍സിലിലെ വിദ്യാഭ്യാസ ഗവേഷണ സമിതി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
‘യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി പ്രഫസര്‍ റാങ്കുള്ളവരുടെ വിരമിക്കല്‍ പ്രായം വാര്‍ഷിക ബോണസ് നിലനിര്‍ത്തുന്നതോടൊപ്പം 60 വയസ്സില്‍ നിന്നും 70 വയസ്സാക്കുന്നത് പഠനവിധേയമാക്കുകയാണ് ലക്ഷ്യം. നിലവില്‍ പെന്‍ഷന്‍ പറ്റിയ അധ്യാപകരുമായി പുതിയ കരാര്‍ ഉണ്ടാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവലോകനം ചെയ്യണം എന്ന് ശൂറാ കൗണ്‍സിലിലെ അംഗങ്ങളായ ഹനാന്‍ അഹ്‌മദി, ഹാദി യാമി എന്നിവര്‍ തയ്യാറാക്കിയ സംയുക്ത ശുപാര്‍ശയുടെ ഉള്ളടക്കം സമിതി അംഗീകരിച്ചു.
വിരമിക്കല്‍ പ്രായം അറുപത് വയസ്സാകുന്നത് സ്വദേശികളുടെ കഴിവുകളെയും അവസരങ്ങളെയും നശിപ്പിക്കലാകും. അവര്‍ സ്വന്തമാക്കിയ അറിവുകളുടെയും അനുഭവങ്ങളുടെയും പ്രയോജനം തേടുന്നത് തടസ്സപ്പെടുത്തലുമായിരിക്കും. എഴുപതും എണ്‍പതും പ്രായമുള്ള നിരവധി ശാസ്ത്രജ്ഞര്‍ ഇപ്പോഴും ശാസ്ത്ര ഗവേഷണങ്ങള്‍ നടത്താറുള്ളത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തതെന്നും ശൂറാ അംഗങ്ങള്‍ തയ്യാറാക്കിയ ശുപാര്‍ശയില്‍ പറയുന്നു.






