സെന്റ് മേരീസ് പള്ളി കോടതി വിധി: പോലീസെത്തിയെങ്കിലും വിശ്വാസികൾ തടഞ്ഞു, സംഘർഷാവസ്ഥ.

പെരുമ്പാവൂർ : ഓടക്കാലി സെന്റ് മേരീസ് പള്ളിയിൽ കോടതി വിധി നടപ്പാക്കുന്നതിനായി പോലീസെത്തിയെങ്കിലും യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് താഴ് മുറിച്ചാണ് പൊലീസ് അകത്ത് പ്രവേശിച്ചത്. നിലവിൽ പൊലീസ് വൈദികരുമായി ചർച്ച നടത്തുകയാണ്.
കോടതി വിധി നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ പൊലീസ് അകമ്പടിയോടെ സ്ഥലത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ സംഘം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിൽ പള്ളി ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും തടസപ്പെട്ടതോടെ പൊലീസ് പ്രതിരോധത്തിലായരിക്കുകയാണ്. തടയാനെത്തിയവരെ പിടിച്ചു മാറ്റി അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളുകൾ എത്തിയതോടെ പൊലീസിനു പിൻമാറേണ്ടി വന്നു.






