സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കി

ചേർത്തല: സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയതായി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി. ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് തുഷാർ ഇക്കാര്യം പറഞ്ഞത്.
സാമ്പത്തിക തട്ടിപ്പുകളിൽ പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും സുഭാഷ് വാസു വിശദീകരണം നൽകിയില്ലെന്നും തുഷാർ അറിയിച്ചു. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സുഭാഷ് വാസുവിന് രാജിവെക്കേണ്ടി വരും. ഇല്ലെങ്കിൽ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കും. വ്യാജരേഖ ചമച്ച് അദ്ദേഹം സാമ്പത്തിക ക്രമക്കേട് നടത്തിയത് കണ്ടെത്തിയിട്ടുണ്ട്. കള്ളയൊപ്പിട്ട് അഞ്ചു കോടി രൂപ വായ്പ വാങ്ങിയെന്നും തുഷാർ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരേ ആരോപണങ്ങൾ ഉന്നയിച്ച മുൻഡിജിപി ടി.പി സെൻകുമാറിനെതിരെയും തുഷാർ വിമർശനമുന്നയിച്ചു. വെള്ളാപ്പള്ളിക്കെതിരെ ആരോപണമുണ്ടായിരുന്നെങ്കിൽ സെൻകുമാർ ഡിജിപി ആയിരുന്ന ഘട്ടത്തിൽ എന്ത്ക്കൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാർ ചോദിച്ചു.






