പാമോയില്‍ ഇറക്കുമതി നിയന്ത്രണം: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് രംഗത്ത്

ക്വലാലംപൂര്‍: മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നീക്കത്തില്‍ പ്രതികരിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് രംഗത്ത്. ഞങ്ങള്‍ വളരെ ചെറിയൊരു രാജ്യമാണെന്നും ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്നും മഹാതീര്‍ മുഹമ്മദ് വ്യക്തമാക്കി. ലങ്കാവി സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ഇറക്കുമതി നിര്‍ത്തിയത് ഞങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇത് തരണം ചെയ്യാന്‍ മലേഷ്യ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ അദ്ദേഹം വീണ്ടും എതിര്‍ത്തു. സുതാര്യമായ നടപടിയല്ല ഇന്ത്യ സ്വീകരിച്ചതെന്ന് മഹാതീര്‍ മുഹമ്മദ് കുറ്റപ്പെടുത്തി.
മലേഷ്യയില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ ഇറക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇറക്കുമതി ഈ മാസം മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഇലട്രോണിക്സ് ഉത്പന്നങ്ങള്‍ക്കും ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ഇതിനിടെ ഇന്ത്യയുമായി പിണക്കം മാറ്റാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാധീര്‍ ബിന്‍ മുഹമ്മദ് ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യക്കെതിരായ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ‘ബോയ്‌ക്കോട്ട് മലേഷ്യ’ എന്ന ഹാഷ്ടാഗോടെ കാമ്പയിനും ആരംഭിച്ചിരുന്നു. തുര്‍ക്കി, മലേഷ്യ എന്നിവരുമായി യാതൊരു വിധ വ്യാപാര ബന്ധവും വേണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ദേശീയവാദികള്‍ ഉയര്‍ത്തിയത്.
മലേഷ്യയില്‍ നടന്ന ക്വാലാലംപൂര്‍ ഉച്ചകോടിക്കിടെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പൗരത്വ നിയമത്തിനെതിരെ സംസാരിച്ചത്. ‘ഈ നിയമത്തിന്റെ ആവശ്യമെന്താണ്. 70 വര്‍ഷത്തിലധികമായി ഇന്ത്യക്കാര്‍ ഐക്യത്തോടെ ജീവിക്കുകയായിരുന്നു. മൂന്ന് രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കാണ് പുതിയ നിയമം വഴി ഇന്ത്യ പൗരത്വം നല്‍കുന്നത്. എന്നാല്‍ ഇതില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിങ്ങളുടെ പൗരത്വത്തിനെതിരെ എടുക്കുന്ന നടപടി ഖേദകരമാണ്. നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുകയാണ്. മലേഷ്യയിലാണ് ഈ നിയമം വരുന്നതെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാനാവില്ല. രാജ്യം അസ്ഥിരപ്പെട്ടുപോകും. എല്ലാവരും ദുരിതം അനുഭവിക്കും.’- മഹാതീര്‍ മുഹമ്മദ് പറഞ്ഞു. നേരത്തെ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വേളയിലും മഹാതീര്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു.






