സൗദിയില്‍ ഇന്നു മുതല്‍ കോഴിയിറച്ചിക്ക് വിലകൂടും

റിയാദ്: രാജ്യത്തെ പൗള്‍ഡ്രി ഫാം ഉടമകളും കമ്പനികളും ഇന്ന് (തിങ്കള്‍) മുതല്‍ കോഴിയിറച്ചിക്ക് 10 ശതമാനം മുതല്‍ 12.5 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ഔദ്യോഗീക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനു പുറമെ മൂല്യ വര്‍ധിത നികുതിയും (വാറ്റ്) അടക്കേണ്ടിവരും.

ഒരു ടണ്‍ കോഴിത്തീറ്റക്ക് 400 റിയാല്‍ വര്‍ധിപ്പിച്ചതാണ് വിലവര്‍ദ്ധനവിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ വില വര്‍ധന ശരാശരി ഒരു കോഴിക്ക് 65 ഹലാല അധികമായി ഉല്പാദന ചെലവ് വരുന്നുണ്ട്.

ഇതനുസരിച്ചു ഓരോ കോഴിക്കും തൂക്കത്തിനനുസരിച്ചു നികുതി കൂടാതെ ഒരു റിയാല്‍, ഒന്നര റിയാല്‍ തോതില്‍ വില വര്‍ധിക്കും.

800 ഗ്രാം കോഴിയുടെ വില 8.50 ഉണ്ടായിരുന്നത് 10 റിയാലായി ഉയര്‍ന്നു. 900 ഗ്രാമിന്റെ കോഴിക്ക് 10 റിയാല്‍ ഉണ്ടായിരുന്നത് 11.50 ആയി ഉയരും. ഒരു കിലോ കോഴിക്ക് 10.50 ഉണ്ടായിരുന്നത് 12 റിയാലായി ഉയരും, 1100 ഗ്രാം തൂക്കമുള്ള കോഴിക്ക് 12 റിയാല്‍ ഉണ്ടായിരുന്നത് 13.50 ആയി ഉയരും. 1200 ഗ്രാം വരുന്ന കോഴിക്ക് 13 റിയാല്‍ ഉണ്ടായിരുന്നത് 14.50 റിയാലായും ഉയരും.

കോഴി തീറ്റക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കിയതോടെയാണ് വിപണിയില്‍ അതിന്റെ വില വര്‍ധിച്ചത്. അതേസമയം ഒരു കിലോ കോഴിയിറച്ചിക്ക് 30 മുതല്‍ 35 ഹലാല വരെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ഈ സബ്‌സിഡി അറവുശാലകള്‍ക്കാണ് ലഭിക്കുന്നത്. അഥവാ കശാപ്പിന് ശേഷം നിശ്ചിത ശതമാനം കുറവ് ഉദ്പാദന ചിലവില്‍ ഉണ്ടാവുകയും ചെയ്യും.