കലോത്സവക്കാറ്റിന് മാറ്റമില്ല; കിരീടം പയ്യന്നൂരിനു തന്നെ

പയ്യന്നൂർ: കാറ്റ് മാറിവീശിയില്ല, ചരിത്രം തിരുത്തപ്പെട്ടില്ല, കലാകിരീടം പയ്യന്നൂരിനുതന്നെ. പത്തൊൻപതാം വർഷവും കണ്ണൂർ സർവകലാശാലാ കലോത്സവ കിരീടത്തിൽ മുത്തമിട്ട് പയ്യന്നൂരിന്റെ കുതിപ്പ്. തുടർച്ചയായി ഒൻപതാം തവണയാണ്‌ കിരീടം പയ്യന്നൂർ കോളേജിന്റെ അലമാരയിലെത്തുന്നത്. കലോത്സവത്തിന്റെ ആദ്യദിനം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് ആതിഥേയരായ പയ്യന്നൂർ കിരീടം നേടിയത്.

സ്റ്റേജിതരമത്സരങ്ങളിൽ നേടിയ ആധിപത്യം പയ്യന്നൂർ കോളേജ് കലോത്സവത്തിലുടനീളം നിലനിർത്തി. 123 പോയിന്റാണ് പയ്യന്നൂർ നേടിയത്. 95 പോയിന്റുമായി ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി രണ്ടാമതും 62 പോയിന്റുമായി ഗവ. കോളേജ് കാസർകോട് മൂന്നാമതും 58 പോയിന്റുമായി നെഹ്രു കോളേജ് കാഞ്ഞങ്ങാട് നാലാമതുമെത്തി.

സാഹിത്യോത്സവത്തിൽ മാത്രമാണ് പയ്യന്നൂർ പിന്നിലായത്. 91 പോയിന്റുമായി ഗവ. ബ്രണ്ണൻ കോളേജാണ്‌ ഇതിൽ ഒന്നാമത്‌. 90 പോയിന്റാണ് പയ്യന്നൂർ കോളേജിന്. 52 പോയിന്റ് നേടി തളിപ്പറമ്പ് സർസയ്യിദ് കോളേജ് മൂന്നാംസ്ഥാനവും നേടി.

സംഗീതോത്സവത്തിൽ 62 പോയിന്റ് നേടിയ പയ്യന്നൂർ കോളേജിനാണ് ഒന്നാംസ്ഥാനം. 44 പോയിന്റോടെ കാഞ്ഞങ്ങാട് നെഹ്രു കോളേജ് രണ്ടാംസ്ഥാനവും 36 പോയിന്റോടെ മട്ടന്നൂർ പഴശ്ശിരാജാ എൻ.എസ്.എസ്. കോളേജ് മൂന്നാംസ്ഥാനവും നേടി.

സംഘാടനമികവുകൊണ്ട് ശ്രദ്ധേയമായ കലോത്സവമാണ് സമാപിച്ചത്. പ്രതിഷേധത്തിന്റെയും സാമൂഹിക വിമർശനത്തിന്റെയും വേദിയാണ് കലോത്സവമെന്നത് ഒരിക്കൽക്കൂടി പയ്യന്നൂർ കോളേജ് ഊട്ടിയുറപ്പിച്ചു. സമകാലീന രാഷ്ട്രീയം വേദിക്കകത്തും പുറത്തും ഒരുപോലെ ചർച്ചചെയ്താണ് കലോത്സവത്തിന് തിരശ്ശീല വീണത്.