വനിതാ ശാക്തീകരണം; സൗദി അറേബ്യ ഏറെ മുന്നിലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

റിയാദ്: ലോകബാങ്ക് ഗ്രൂപ്പ് പുറത്തിറക്കിയ ‘സ്ത്രീകള്‍, ബിസിനസ് സംരംഭവും 2020 നിയമവും’ എന്ന റിപ്പോര്‍ട്ടില്‍ സൗദി അറേബ്യ വനിതാ ശാക്തീകരണ രംഗത്ത് അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം നേടിയാതായി വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം 100 ല്‍ 70.6 ശതമാനം ലക്ഷ്യവും നേടിക്കൊണ്ട് ലോകത്തെ 190 രാജ്യങ്ങളില്‍ ഏറ്റവും പുരോഗമിച്ചതും പരിഷ്‌കരിച്ചതുമായ രാജ്യമായി സൗദി അറേബ്യ മാറി. കൂടാതെ സ്ത്രീ ശാക്തീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന അറബ് രാജ്യങ്ങളില്‍ രണ്ടാമത്തെതും ഗള്‍ഫു നാടുകളില്‍ ഒന്നാമത്തേയും രാജ്യമായി സൗദി അറേബ്യ മുന്നിലെത്തി.
ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വികസിത രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ് സൗദി അറേബ്യ എത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് സൂചിപ്പിക്കുന്ന 8 ഘടകങ്ങളില്‍ ആറിലും രാജ്യത്തിന് വലിയ പുരോഗതിയുണ്ടാക്കുവാന്‍ സാധിച്ചു. അതായത് സ്ത്രീകളുടെ സുരക്ഷിത സഞ്ചാരം, ജോലിസ്ഥലം, വിവാഹം, ശിശു സംരക്ഷണം, സംരംഭകത്വം, പെന്‍ഷന്‍, എന്നീ ആറു സൂചകങ്ങളിലാണ് രാജ്യം മെച്ചപ്പെട്ടത്.
എന്നാല്‍ ഇതില്‍ സുരക്ഷിത സഞ്ചാരം, ജോലി സ്ഥലം, സംരംഭകത്വം, പെന്‍ഷന്‍ എന്നീ നാലു ഘടകങ്ങളില്‍ 100 ശതമാനം പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങളുടെ ഫലമാണ് ഈ നേട്ടം കൈവരിക്കാനായത്. ഇത് സാമ്പത്തിക വികസനത്തില്‍ സൗദിയുടെ പങ്ക് വര്‍ദ്ധിപ്പിക്കാനും പ്രാദേശികമായും ആഗോളതലത്തിലും രാജ്യത്തിന്റെ കര്‍മ്മശേഷി ഉയര്‍ത്താനും സാധ്യമായി.
21 വയസ് പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യുവാനും, അവരുടെയും കുടുംബങ്ങളുടെയും രേഖകള്‍ ഇഷ്യു ചെയ്യുവാനും പുതുക്കുവാനും കഴിയുക, വിരമിക്കല്‍ (പെന്‍ഷന്‍) പ്രായം സ്ത്രീ പുരുഷന്‍മാര്‍ക്കിടയില്‍ ഏകീകരിക്കുക, തൊഴില്‍ മേഖലയില്‍ സ്ത്രീ പുരുഷ സമത്വം കൊണ്ടുവരിക, എന്നിവക്ക് പുറമെ, തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമങ്ങള്‍ നടപ്പിലാക്കിയും, തൊഴില്‍, ശമ്പളം എന്നീ കാര്യങ്ങളില്‍ വിവേചനമില്ലാത്ത വ്യവസ്ഥകള്‍ കൊണ്ടുവന്നും സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി നിയമാവലികളും ചട്ടങ്ങളും സൗദി അറേബ്യ നവീകരിക്കുകയുണ്ടായി.
ഇതിന്റെയൊക്കെ ഫലമായി തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് വനിതാ മുന്നേറ്റത്തിന് സൗദി വിഷന്‍ 2030 പദ്ധതി വലിയ പങ്കാണ് വഹിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






