ശുമൈസിയിലെ ചെക്ക് പോയിന്റ് വികസിപ്പിക്കുവാന്‍ മക്ക ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം

ജിദ്ദ: മക്ക – ജിദ്ദ എക്‌സ്പ്രസ് ഹൈവേയിലുള്ള ശുമൈസിയിലെ ചെക്ക് പോയിന്റും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുവാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണ്ണരുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ നിര്‍ദ്ദേശിച്ചതായി മക്ക വികസന അതോറിറ്റി വെളിപ്പെടുത്തി. ഈ വരുന്ന വിശുദ്ധ റമളാനിനു മുമ്പ് പദ്ധതി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ശുമൈസി നവീകരണ പദ്ധതി തുടങ്ങിയതായും പദ്ധതിയുടെ 15 ശതമാനം പൂര്‍ത്തിയായതായും മക്ക വികസന അതോറിറ്റി അറിയിച്ചു. വിശുദ്ധ മക്കയിലേക്കെത്തുന്ന ഹാജിമാര്‍ക്കും സന്ദര്‍ശകര്‍ക്കും മതിപ്പുളവാക്കുന്ന രീതിയില്‍ ചെക്ക് പോയിന്റുകളുടെ ദൃശ്യ ഭംഗി വര്‍ധിപ്പിക്കുക, ഹജജ് ഉംറ സീസണുകളിലെ കഠിന തിരക്കുകളില്‍ പോലും കൂടുതല്‍ സമയമെടുക്കാതെ യാത്രക്കാര്‍ക്ക് മക്കയിലേക്ക് പ്രയാസ രഹിതമായി കടന്നുപോകുവാനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ചെക്ക് പോയിന്റുകളിലുള്ള ട്രാക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുക, അധ്വാനവും, സമയവും കുറക്കുന്നതോടൊപ്പം ഉയര്‍ന്ന ഗുണനിലവാരത്തോടെ വാഹനങ്ങളെയും യാത്രക്കാരെയും പരിശോധിക്കുന്നതിന് അത്യാധുനിക ടെക്‌നോളജി ഉപയോഗിക്കുക, ബന്ധപ്പെട്ട സര്‍ക്കാര്‍ സേവന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുവാന്‍ പോകുന്നത്.
ഹജജ് സീസണുകളില്‍ മക്കയിലേക്ക് കടക്കുന്നതിന് ശുമൈസി ചെക്ക് പോയിന്റുകളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാവാറുണ്ട്. ഇതിന് പരിഹാരമായാണ് ചെക്ക് പോയിന്റ് വികസനം നടക്കുന്നത്. ശുമൈസി ചെക്ക് പോയിന്റ് നവീകരണം പൂര്‍ത്തിയായാല്‍ 16 ട്രാക്കുകളായിരിക്കും ഉണ്ടാവുക.






