അഞ്ച് പൗരാണിക പള്ളികള്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു

ജിദ്ദ: സൗദി അറേബ്യയിലെ പൗരാണിക പള്ളികള്‍ പൈതൃകം നഷ്ടപ്പെടാതെ പനരുദ്ധാരണം ചെയ്യുവാനുള്ള സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതിയുടെ ഒന്നാം ഘട്ട പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ഏതാനും പള്ളികള്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. മക്ക പ്രവിശ്യയുടെ ഭാഗമായ താഇഫിലും അല്‍ബാഹ പ്രവിശ്യയിലുമാണ് പൗരാണിക മസ്ജിദുകള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തത്. 40 വര്‍ഷം മുതല്‍ 60 വര്‍ഷക്കാലം വരെ നിസ്‌കാരമോ മറ്റു ഉപയോഗമോ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു ഇതില്‍ പല പള്ളികളും.
പൗരാണിക മസ്ജിദുകള്‍ പുനരുദ്ധരിക്കാനുള്ള കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ താഇഫിലും അല്‍ ബാഹയിലുമായി അഞ്ച് പള്ളികള്‍ നിസ്‌കാരത്തിന് സഞ്ചമായിട്ടുണ്ട്. ഈ പള്ളികളിലൊട്ടാകെ 457 പേര്‍ക്ക് നിസ്‌കരിക്കുവാനുള്ള സൗകര്യമുണ്ട്. താഇഫിലെ പൗരാണിക പള്ളികളായ ‘മസ്ജിദ് ജരീര്‍’ ‘മസ്ജിദ് സുലൈമാന്‍’ എന്നിവയും അല്‍ബാഹയിലെ ‘അല്‍ മലദ്’, ‘അല്‍ അത്വാവില’, ‘ദഫീര്‍’ എന്നീ മൂന്നു പള്ളികളുമാണ് പുനരുദ്ധാരണം പൂര്‍ത്തിയാക്കിയത്.
350 സ്‌ക്വയര്‍ മീറ്ററുള്ള താഇഫിലെ മസ്ജിദ് ജരീര്‍ ഹിജ്‌റ പത്താം വര്‍ഷം നിര്‍മ്മിക്കപ്പെട്ടതാണ്. താഇഫിലെ ഏറ്റവും പൗരാണിക മസ്ജിദാണിത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുചരനായ ജരീര്‍ ബിന്‍ അബ്ദുല്ല (റ) വിന്റെ നാമധേയത്തിലാണ് പള്ളി അറിയപ്പെടുന്നത്. അതിന്റെ മേല്‍ക്കൂര ഈത്തപ്പനയും കുമ്മായവും കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്. അടുത്തകാലം വരെ അതില്‍ നിസ്‌കാരമുണ്ടായിരുന്നു.
അതുപോലെ താഇഫിലെ മറ്റൊരു പൗരാണിക പള്ളിയാണ് ‘മസ്ജിദ് സുലൈമാന്‍’. ഹിജ്‌റ 300 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളിക്ക് 390 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. തായിഫിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര കെട്ടിടങ്ങളിലൊന്നാണിത്. പ്രവാചകര്‍ (സ്വ) തങ്ങള്‍ സ്വഹാബികള്‍ക്ക് പള്ളിനിര്‍മ്മിക്കുവാന്‍ ‘വഖഫ്’ ചെയ്ത സ്ഥലമാണിതെന്നും സുലൈമാന്‍ നബി (അ) ഇവിടെ തമ്പടിച്ചിരുന്നതായി പ്രവാചകര്‍ (സ്വ) പറഞ്ഞതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ പള്ളിക്ക് മസ്ജിദ് സുലൈമാന്‍ എന്ന് പേര് വരാന്‍ കാരണം.
രാജ്യത്തെ വ്യത്യസ്ഥ പത്ത് പ്രവിശ്യകളില്‍ ഒഴിഞ്ഞുകിടക്കുന്ന 130 പൗരാണിക പള്ളികളാണ് ഈ പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണം നടക്കുന്നത്. ഇതിനായി 50 ദശലക്ഷം റിയാല്‍ വകയിരിത്തിയിട്ടുണ്ട്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിവിധ ഘട്ടങ്ങളിലായി 423 ദിവസങ്ങള്‍ കൊണ്ട് 130 പള്ളികളുടെയും പുനരുദ്ധാരണം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറന്നുകുവാനാണ് വ്യവസ്ഥയുള്ളത്. 60 വര്‍ഷം മുതല്‍ 1432 വര്‍ഷം വരെ പഴക്കമുള്ള പള്ളികളും ഇക്കൂട്ടത്തിലുണ്ട്.






