ജനുവരി 15 കിംഗ് അബ്ദുല്‍ അസീസ് റിയാദ് തിരിച്ചുപിടിച്ച ദിനം

റിയാദ്: ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് 118 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആല്‍ റഷീദ് ഭരണ കൂടത്തില്‍ നിന്നും റിയാദിനെ തിരിച്ചു പിടിച്ചതിന്റെ സ്മരണ കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ പുതുക്കി. 1902 ജനുവരി 15 നായിരുന്നു ആല്‍ റഷീദ് ഭരണ കൂടത്തില്‍ നിന്നും റിയാദിനെ തിരിച്ചു പിടിച്ചത്.

രണ്ടാം ആല്‍ സഊദ് ഭരണത്തിന് കീഴിലായിരുന്ന നജ്ദ് (റിയാദ് ഉള്‍പ്പെടെയുള്ള സ്ഥലം) അബ്ദുല്‍ അസീസ് രാജാവിന്റെ പിതാവിനെ പരാജയപ്പെടുത്തി ആല്‍ റഷീദ് ഭരണകൂടം കൈവശപ്പെടുത്തുകയും ആല്‍ സഊദ് കുടുംബത്തെ നജ്ദില്‍ നിന്നും ആട്ടിയോടിക്കുകയും ചെയ്തു. നജ്ദില്‍ നിന്നും പുറത്തു പോരേണ്ടിവന്ന ആല്‍ സഊദ് കുടുംബം ആദ്യം ഖത്തറിലേക്കും പിന്നീട് ബഹ്‌റൈനിലേക്കും അവസാനം കുവൈത്തിലേക്കും മാറിത്താമസിച്ചു.

കുവൈത്തില്‍ നിന്നും റിയാദ് തിരിച്ചുപിടിക്കുവാനാവശ്യമായ ഭൗതിക സന്നാഹങ്ങള്‍ അബ്ദുല്‍ അസീസ് രാജാവ് ഒരുക്കുകയും 1902 ജനുവരി 15 ന് റിയാദിലേക്ക് തള്ളിക്കയറി കോട്ടയില്‍ പ്രവേശിക്കുകയും അന്നത്തെ റിയാദ് ഗവര്‍ണ്ണരായിരുന്ന അജ്‌ലാന്‍ ബിന്‍ മുഹമ്മദ് അജ്‌ലാനെ വധിക്കുകയും ചെയ്ത് റിയാദ് കീഴടക്കുകയായിരുന്നു. പിന്നീട് റിയാദ് ഉള്‍പ്പെടെയുള്ള നജ്ദിനോട് നിരവധി പട്ടണങ്ങളെ ചേര്‍ക്കുകയും മൂന്നാം സൗദി രാഷ്ട്രം സ്ഥാപിച്ചതായി അബ്ദുല്‍ അസീസ് രാജാവ് പ്രഖ്യാപിക്കുകയും ചെയ്തു.