വിശുദ്ധ ഹറമിന്റെ മുറ്റത്ത് തണല്‍ വിരിക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെച്ചു

മക്ക: സൂര്യതാപ മേല്‍ക്കാതിരിക്കുവാന്‍ മക്കയിലെ വിശുദ്ധ ഹറംപള്ളിയുടെ ചുറ്റു ഭാഗത്തുള്ള മുറ്റത്ത് സ്ഥാപിക്കാന്‍ പദ്ധതിയിട്ട തണല്‍കുടയുടെ നിര്‍മ്മാണ ജോലി ചില സാങ്കേതിക കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജര്‍മ്മനിയില്‍നിന്നും നേരത്തെ ഇറക്കുമതി ചെയ്ത തണല്‍ കുടയുടെ സാമ്പിളില്‍ കണ്ടെത്തിയ ചില സാങ്കേതിക തകരാറാണ് പദ്ധതിയുടെ നടത്തിപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുവാന്‍ ഇടയാക്കിയത്.

സാമ്പിളില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിക്കുന്നതിനായി സാമ്പിളുകള്‍ ജര്‍മ്മനിയിലേക്ക് തന്നെ മടക്കിയിട്ടുണ്ട്. തണല്‍ കുടയില്‍ കണ്ടെത്തിയ സാങ്കേതിക തകരാര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതല്ല. ഏതാനും സമയത്തിനുള്ളതില്‍ തകരാറുകള്‍ പരിഹരിച്ചു വിശുദ്ധ ഹറം പള്ളിയുടെ ചുറ്റു വട്ടത്തുമുള്ള മുറ്റങ്ങളില്‍ തണല്‍ വിരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം വിശുദ്ധ കഅബാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണ സ്ഥലം തണല്‍ വിരിക്കുവാനുള്ള പദ്ധതിക്ക് ഔദ്യോഗീകമായി ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ആ പദ്ധതിയെ കുറിച്ച് ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പദ്ധതിയെ കുറിച്ചു ചില ഡിസൈനുകളും ഫോട്ടോകളും പ്രചരിക്കുന്നത് കേവലം നിര്‍ദ്ദേശങ്ങളാണെന്നും ഔദ്യോഗീക വൃത്തങ്ങള്‍ വ്യക്തമാക്കി.

വിശുദ്ധ ഹറമിന്റെ ചുറ്റും നിസ്‌കരിക്കുന്നവര്‍ക്ക് തണല്‍ വിരിക്കുവാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ചൂടില്‍ നിന്നുള്ള സംരക്ഷണം, പൊടിപടലങ്ങളുടെ വ്യാപനം കുറക്കുക, വിശ്വാസികള്‍ക്ക് നിസ്‌കരിക്കുവാന്‍ അധിക സ്ഥലം സൗകര്യപ്പെടുത്തുക, മഴവെള്ളത്തിന്റെ ആഘാതം കുറക്കുക എന്നീ നേട്ടങ്ങളാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.